"വീട്ടില്‍ കിടന്നുറങ്ങാമെന്ന് വിചാരിക്കണ്ട": മുഖ്യമന്ത്രിക്കെതിരെ ഭീഷണിയുമായി എഎന്‍ രാധാകൃഷ്ണന്‍
കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ, ബി.ജെ.പിയുടെ സമരം ജനാധിപത്യ സംരക്ഷണത്തിനെന്നും എ.എന്‍ രാധാകൃഷ്ണന്‍
ബി.ജെ.പി നേതാക്കളെ കള്ളക്കേസിൽ കുടുക്കാനാണ് തീരുമാനമെങ്കിൽ പിണറായി വിജയൻ അധികകാലം വീട്ടിൽ കിടന്ന് ഉറങ്ങാമെന്ന് വിചാരിക്കേണ്ടെന്ന് ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണൻ. കേരളത്തില്‍ ജനാധിപത്യ ധ്വംസനാണ് നടക്കുന്നതെന്നും, ജനാധിപത്യത്തിന്‍റെ സംരക്ഷണത്തിനായി ബി.ജെ.പി നടത്തുന്ന സമരത്തിന് കേരള പൊതുസമൂഹം പിന്തുണക്കണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
കെ സുരേന്ദ്രനെ കള്ളക്കേസിൽ കുടുക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ പൊലീസ് ശ്രമിക്കുന്നത്. ബി.ജെ.പിക്കാരെ കള്ളക്കേസിൽ കുടുക്കി ജയിലിൽ ഇട്ടുകളയാം എന്നാണ് പിണറായി വിജയൻ വിചാരിക്കുന്നത്. ശബരിമല കാലത്ത് ബി.ജെ.പിക്കാരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിൽ കയറ്റിയ ചരിത്രമാണ് പൊലീസിന് ഉള്ളത്. ആ പരിചയത്തിന്‍റെ അഹങ്കാരത്തിലാണ് ഇനിയും പോകുന്നതെങ്കിൽ, മുഖ്യമന്ത്രിക്ക് മക്കളെ കാണാൻ ജയിലിൽ വരേണ്ട സാഹചര്യമുണ്ടാകുമെന്നും എ.എൻ രാധാകൃഷ്ണൻ പറഞ്ഞു.
തങ്ങളെ ഭയപ്പെടുത്താൻ നോക്കേണ്ടതില്ല. കൊടുത്താൽ കൊല്ലത്തും കിട്ടും, തങ്ങൾ തിരിച്ചടിക്കുമെന്ന് രാധാകൃഷ്ണൻ പറഞ്ഞു. പിണറായി വിജയന്റെ ഭരണകൂട ഭീകരതക്കെതിരെ കേരള പൊതുസമൂഹം ഉണരേണ്ടതാണ്.
കേരളത്തിൽ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ്. ജനാധിപത്യ സംരക്ഷത്തിനാണ് ബി.ജെ.പി ഇപ്പോൾ സമരം ചെയ്യുന്നത്. കോവിഡിന്റെ പശ്ചാതലത്തിൽ സമരങ്ങളുമായി മുന്നോട്ട് കൊണ്ടുപോകാൻ പറ്റാത്ത സാഹചര്യം പിണറായി വിജയൻ ദുരുപയോഗം ചെയ്യുകയാണ്. ബി.ജെ.പിയുടെ സമരം വിജയിപ്പിക്കാൻ കേരള പൊതുസമൂഹം നിശബ്ദം അണിചേരണമെന്നും രാധാകൃഷ്ണൻ പറഞ്ഞു.
Adjust Story Font
16