Quantcast

'അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് അനുമതി നൽകരുത്'; പൊലീസിൽ പരാതി

കഴിഞ്ഞ വർഷം മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് ഏറെ വിവാദം സൃഷ്ടിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനമാണ് ഇത്തവണ ഏപ്രിൽ 21 മുതൽ 25 വരെ പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    17 April 2023 4:07 PM GMT

AnanthapuriHinduMahaSammelan, complaintagainstAnanthapuriHinduMahaSammelan, HinduDharmaParishad, antiMuslimhatespeech, fraternitymovement
X

തിരുവനന്തപുരം: മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങൾ കൊണ്ട് വിവാദം സൃഷ്ടിച്ച അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് ഇത്തവണ അനുമതി നൽകരുതെന്ന് ആവശ്യപ്പെട്ട് പരാതി. ഹിന്ദു ധർമ പരിഷത്ത് പ്രഖ്യാപിച്ച സമ്മേളനത്തിനെതിരെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർക്ക് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പരാതി നൽകിയത്.

ഏപ്രിൽ 21 മുതൽ 25 വരെ പുത്തരിക്കണ്ടം മൈതാനിയിൽ അനന്തപുരി ഹിന്ദു മഹാസമ്മേളനം നടക്കുമെന്ന് ഹിന്ദു ധർമ പരിഷത്ത് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുസ്ലിം സമുദായത്തെ ലക്ഷ്യംവച്ചുള്ള വംശീയപ്രചാരണമാണ് സമ്മേളനത്തിലൂടെ നടക്കുന്നതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതു നാട്ടിൽ മതസ്പർധയുണ്ടാക്കുകയും നാട്ടിലെ ക്രമസമാധാനം തകർക്കുകയും ചെയ്യുമെന്നും പരാതിയിൽ പറഞ്ഞു.

കഴിഞ്ഞ വർഷം തിരുവനന്തപുരം പ്രിയദർശിനി കാംപസിൽ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തിരുന്നു. ഇതിനുശേഷം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിന്റെ പേരിൽ പി.സി ജോർജ് അറസ്റ്റിലാകുകയും ചെയ്തിരുന്നു.

കഴിഞ്ഞ വർഷം അഞ്ചു ദിവസം നീണ്ടുനിന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ മുസ്‌ലിം വിദ്വേഷ കലാപാഹ്വാനങ്ങൾ മാത്രമാണ് ഉയർന്നുകേട്ടത്. കേരളത്തിന്റെ മതേതരമനസിനെ മുറിവേൽപ്പിച്ച ഇത്തരം സംഭവങ്ങൾ വീണ്ടും തുടരാതിരിക്കാൻ വേണ്ട ജാഗ്രത കൈക്കൊള്ളണം. സമ്മേളനത്തിൽ സംസാരിച്ചവർ മുസ്‌ലിം വിരുദ്ധ വംശീയ പ്രസംഗങ്ങളാണ് നടത്തിയിട്ടുള്ളത്. ഇതുതന്നെയാണ് ഇത്തവണയും സംഘാടകർ ബോധപൂർവം സമ്മേളനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്-പരാതിയിൽ പറയുന്നു.

ഫ്രറ്റേണിറ്റി മൂവ്‌മെന്റിനു വേണ്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. അലി സവാദാണ് പരാതി നൽകിയത്.

Summary: The fraternity movement filed a complaint at Thiruvananthapuram City Police Commissioner against the Ananthapuri Hindu Maha Sammelan, which was created controversy with anti-Muslim hate speeches last year

TAGS :

Next Story