'ഒരു കോൺസ്റ്റബിൾ ആകാനുള്ള യോഗ്യത പോലും എനിക്കില്ലേ?'; ഷറഫലിയുടേത് തികഞ്ഞ അവഗണനയെന്ന് അനസ്
"പൈസ കിട്ടുക എന്നതിലുപരി കേരള സർക്കാർ നൽകുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്"
ജോലിക്ക് അപേക്ഷിക്കാൻ ഫുട്ബോൾ താരങ്ങളായ അനസ് എടത്തൊടികയും, റിനോ ആന്റോയും വൈകിയത് കൊണ്ടാണ് സർക്കാർ ജോലി ലഭിക്കാതെ പോയതെന്ന സ്പോർട്സ് കൗൺസിൽ അധ്യക്ഷൻ യു ഷറഫലിയുടെ പരാമർശത്തിനെതിരെ അനസ് എടത്തൊടിക. ജോലി ലഭിക്കാൻ യാചിക്കണോ എന്നും ഷറഫലിയുടേത് തികഞ്ഞ അവഗണനയാണെന്നും അനസ് തുറന്നടിച്ചു.
"ദേശീയ താരമായിട്ടും ജോലിക്കു വേണ്ടി യാചിക്കേണ്ട അവസ്ഥയാണ്. കെഞ്ചി ജോലി ലഭിക്കേണ്ടത് ഒരു മോശം അവസ്ഥയാണ്. അപേക്ഷിക്കാൻ വൈകിയത് കൊണ്ടാണ് ജോലി ലഭിക്കാതെ പോയതെന്നാണെന്നല്ലോ സർക്കാരിന്റെ വാദം. ആപ്ലിക്കേഷൻ കിട്ടാതെ എങ്ങനെയാണ് ജോലിക്ക് അപേക്ഷിക്കുക. രണ്ട് തവണ ഇതേ ജോലിക്ക് വേണ്ടി അപേക്ഷിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരോടും സംസാരിച്ചിട്ടുമുണ്ട്. പക്ഷേ ഒന്നും നടപ്പിലായില്ലെന്ന് മാത്രം.
പൈസ കിട്ടുക എന്നതിലുപരി കേരള സർക്കാർ നൽകുന്ന ഒരു അംഗീകാരമായാണ് ജോലിയെ കാണുന്നത്. ഒരു കോൺസ്റ്റബിൾ ആകാൻ പോലുമുള്ള യോഗ്യത എനിക്കില്ലേ. എനിക്ക് 31ാം വയസ്സില്‍ ജോലി തരാന്‍ പറ്റില്ലെന്ന് പറയുന്നു. ഐ.എം വിജയന് 37ാം വയസ്സില്‍ ജോലി കൊടുക്കുന്നു. ഇതിനെ അവഗണന എന്നല്ലാതെ മറ്റെന്താണ് പറയുക. ഒരുപാട് താരങ്ങൾ ഇതേ അവസ്ഥയിലൂടെ കടന്നു പോകുന്നുണ്ട്. നീലക്കുപ്പായത്തിനെ അടിച്ചമർത്തി എന്നു പറയാം. ചില മുതിർന്ന താരങ്ങളാണ് ജോലി ലഭിക്കുന്നതിന് തടസ്സം നിൽക്കുന്നതെന്നും പലപ്പോഴും തോന്നിയിട്ടുണ്ട്". അനസ് പറഞ്ഞു.
Adjust Story Font
16