Quantcast

'കെ റെയിലില്ലെങ്കിൽ എലിവേറ്റഡായോ അണ്ടർ ഗ്രൗണ്ടായോ വേറെ റെയിൽവേ ലൈൻ വേണം'; കെ.വി തോമസുമായുള്ള ചർച്ച പുറത്തുവിട്ട് ഇ. ശ്രീധരൻ

ഇന്ത്യയിലാകെ ഹൈസ്പീഡ് റെയിൽവേ നെറ്റ്‌വർക്ക് വരുന്നുണ്ടെന്നും അവയിൽ പ്രധാനപ്പെട്ട രണ്ടു ലൈൻ കേരളത്തിലേക്ക് വരുമെന്നും ശ്രീധരൻ

MediaOne Logo

Web Desk

  • Updated:

    2023-07-14 08:17:02.0

Published:

14 July 2023 6:16 AM GMT

If there is no K-rail, another special line should be built either elevated or underground: E. Sreedharan
X

കെ റെയിലിന്റെ നിലവിലുള്ള പ്രൊജക്ടിന് അനുമതി കിട്ടാത്ത പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാറിന്റെ കേന്ദ്ര പ്രതിനിധി പ്രൊഫസർ കെ.വി തോമസ് തന്നെ കണ്ടുവെന്നും വിഷയങ്ങൾ ചർച്ച ചെയ്തുവെന്നും ഇ. ശ്രീധരൻ. കെ റെയിലില്ലെങ്കിലും നമുക്ക് വേറെ റെയിൽവേ ലൈൻ വേണമെന്നും ഡിഎംആർസി റിപ്പോർട്ടുണ്ടാക്കിയിട്ടുണെന്നും എലിവേറ്റഡായോ അണ്ടർ ഗ്രൗണ്ടായോ അത് കൊണ്ടുവരണമെന്നും താൻ നിർദേശിച്ചതായും അദ്ദേഹം പറഞ്ഞു. കേരളത്തിലെ റെയിൽവേ പദ്ധതികളുടെ ചുമതലയുള്ള ദക്ഷിണ റെയിൽവേ നിർമാണ വിഭാഗം ചീഫ് അഡ്മിനിസ്ട്രറ്റിവ് ഓഫീസർ ഷാജി സഖറിയയുമായി കൂടികാഴ്ച്ച നടത്തിയ ശേഷമായിരുന്നു ഇ. ശ്രീധരന്റെ പ്രതികരണം.

അണ്ടർ ഗ്രൗണ്ടാകുമ്പോൾ ഭൂമി തീരെ വേണ്ടെന്നും എലിവേറ്റഡാകുമ്പോൾ 20 മീറ്റർ വീതിയിലേ ഭൂമി കണ്ടെത്തേണ്ടതുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അതും നിർമാണ ഘട്ടത്തിൽ മതിയെന്നും നിർമാണം കഴിഞ്ഞാൽ ഉടമകൾ വിട്ടുകൊടുക്കാമെന്നും കൃഷിയ്ക്കും പശുക്കളെ മേയ്ക്കാനും ഉപയോഗിക്കാമെന്നും പറഞ്ഞു. എന്നാൽ കെട്ടിടം നിർമിക്കാനോ വലിയ മരം നടാനോ പറ്റില്ലെന്നും വ്യക്തമാക്കി. അതിനാൽ ഭൂമി കിട്ടുന്നത് എളുപ്പമാകുമെന്നും പ്രതിഷേധം കുറയുമെന്നും ചൂണ്ടിക്കാട്ടി.

ഇന്ത്യയിലാകെ ഹൈസ്പീഡ് റെയിൽവേ നെറ്റ്‌വർക്ക് വരുന്നുണ്ടെന്നും അവയിൽ പ്രധാനപ്പെട്ട രണ്ടു ലൈൻ കേരളത്തിലേക്ക് വരാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചെന്നൈ- ബാംഗ്ലൂർ-കോയമ്പത്തൂർ -കൊച്ചി, കൊങ്കൺ റൂട്ടിൽ നിന്ന് മുംബൈ-മാംഗ്ലൂർ- കോഴിക്കോട് എന്നിങ്ങനെയാകുമെന്നും പറഞ്ഞു. നാം എന്ത് ചെയ്താലും ഹൈസ്പീഡ് ട്രെയിൻ ഓടാനുള്ള സാധ്യത വേണമെന്നും സ്റ്റാന്റേഡ് ഗേജാകണമെന്നും അങ്ങനെയെങ്കിൽ തിരുവനന്തപുരത്തേക്ക് ട്രെയിൻ കൊണ്ടുപോകാനാകുമെന്നും വ്യക്തമാക്കി. തന്റെ പ്രൊജകട് കെ.വി തോമസിന് ഇഷ്ടമായെന്നും ഇതിന്റെ നോട്ട് ചോദിച്ചു വാങ്ങിയെന്നും ശ്രീധരൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ അനുമതിയോടെയാണ് താൻ കാണാൻ വന്നതെന്ന് പറഞ്ഞ കെ.വി തോമസ് നോട്ട് അദ്ദേഹത്തെ കാണിച്ച് ചർച്ച ചെയ്യുമെന്നും വ്യക്തമാക്കി.

ഈ ചർച്ചയ്ക്ക് ശേഷം തനിക്ക് വിവരങ്ങളൊന്നും അറിയില്ലെന്നും മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടില്ലെന്നും ശ്രീധരൻ പറഞ്ഞു. സംസ്ഥാനത്തിന് വേണ്ടി എന്തും ചെയ്യാൻ താൻ തയാറാണെന്നും രാഷ്ട്രീയം നോക്കിയിട്ടല്ലെന്നും മുഖ്യമന്ത്രിയുമായി ചർച്ചയുണ്ടാകുമെന്ന് കരുതുന്നതായും അദ്ദേഹം വ്യക്തമാക്കി.

നിലവിലെ പ്രൊജക്ട് തങ്ങൾ ചർച്ച ചെയ്തപ്പോൾ അതിന് അനുമതി കിട്ടില്ലെന്ന് താൻ വ്യക്തമാക്കിയെന്നും കേരളത്തിൽ ഹൈസ്പീഡ്, സെമി സ്പീഡ് റെയിൽവേ ലൈൻ വളരെ ആവശ്യമാണെന്ന് പറഞ്ഞുവെന്നും വ്യക്തമാക്കി. കേരളത്തിൽ റോഡപകടങ്ങൾ വളരെ വർധിച്ചുവെന്നും റെയിൽവേ വന്നാൽ കുറേപേർ അതുപയോഗിക്കും റോഡപകടം കുറയുമെന്നും പറഞ്ഞു.

നാം ചെയ്യുന്ന ഏത് ലൈനും വികസിപ്പിക്കാൻ സാധിക്കണമെന്നും ഹൈസ്പീഡ് ലൈൻ കെആർഡിസിയെ കൊണ്ട് സാധിക്കില്ലെന്നും അവർക്ക് ചുരുങ്ങിയ ശേഷിയോയുള്ളൂവെന്നും പറഞ്ഞു. ഒന്നുകിൽ റെയിൽവേ ചെയ്യണമെന്നും അല്ലെങ്കിൽ ഡൽഹി മെട്രോ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി. കെ റെയിലുമായി ഒരു സഹകരണമുണ്ടാകില്ലെന്നും പുതിയ നിർദേശവുമായി സഹകരിക്കുമെന്നും വ്യക്തമാക്കി.

താൻ നിർദേശിച്ച പദ്ധതി സംസ്ഥാന സർക്കാരിന് വലിയ ബാധ്യതയില്ലാതെ നടപ്പിലാക്കാൻ കഴിയുമെന്നും ആകാശ പാതയും തുരങ്കവും നിർമിക്കുമ്പോൾ ചെലവ് കൂടുമെങ്കിലും മറ്റ് പലതിലും ലാഭം കിട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും ഒന്നിച്ച് ചെലവ് വഹിക്കുന്ന സാഹചര്യമുണ്ടാകുമെന്നും പറഞ്ഞു. തന്റെ പ്രൊപ്പോസലിന് കേന്ദ്ര സർക്കാരിൽ നിന്ന് അനുമതി വാങ്ങി എടുക്കാൻ ഒപ്പമുണ്ടാകുമെന്നും പറഞ്ഞു.

പദ്ധതിയുടെ ഡി പി ആർ ഒന്നര വർഷം കൊണ്ട് ഉണ്ടാക്കാൻ കഴിയുമെന്നും ഡിഎംആർസി ആണെങ്കിൽ 6 വർഷം കൊണ്ട് പൂർത്തിയാക്കാമെന്നും അഭിപ്രായപ്പെട്ടു. 14-15 സ്റ്റേഷൻ വരാൻ സാധ്യതയുണ്ടെന്നും എലിവേറ്റഡ് സംവിധാനമായതിനാൽ കേരളത്തെ രണ്ടായി കീറി മുറിക്കുന്ന സാഹചര്യമുണ്ടാകില്ലെന്നും ചൂണ്ടിക്കാട്ടി. മറ്റ് മൂന്ന് പദ്ധതികളെ കുറിച്ച് ചർച്ച ചെയ്യാനാണ് ഇന്ന് റെയിൽവേ ഉദ്യോഗസ്ഥരെ കണ്ടതെന്നും അതിൽ രണ്ടെണ്ണം കേരളത്തിൽ വരാൻ സാധ്യതയുണ്ടെന്നും പറഞ്ഞു.



If there is no K-rail, another special line should be built either elevated or underground: E. Sreedharan

TAGS :

Next Story