പാഠപുസ്തകത്തിലെ സാമുദായിക സംവരണ വിരുദ്ധ പരാമർശം സർക്കാർ നിലപാടല്ല, തിരുത്തും: മന്ത്രി വി ശിവൻകുട്ടി
വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്നത്
തിരുവനന്തപുരം:പ്ലസ് വൺ പാഠപുസ്തകത്തിലെ സാമുദായിക സംവരണ വിരുദ്ധ പരാമർശം സർക്കാർ നിലപാടല്ലെന്നും അടുത്ത അധ്യായന വർഷം തിരുത്തുമെന്നും മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി ഹയർ സെക്കൻഡറി പരീക്ഷയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കണ്ടപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിന്നാക്ക വിഭാഗങ്ങളുടെ ഭരണ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളിലെ പ്രാതിനിധ്യം ഉറപ്പുവരുത്താൻ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന സാമുദായിക സംവരണത്തിനെതിരെയാണ് പ്ലസ് വൺ പാഠപുസ്തകത്തിൽ പരാമർശമുള്ളത്. വർഗീയത ഇല്ലാതാക്കാൻ സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം നടപ്പാക്കണമെന്നാണ് പ്ലസ് വൺ സ്റ്റേറ്റ് സിലബസിലെ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിൽ നിർദേശിക്കുന്നത്. ഹ്യുമാനിറ്റീസ് ഗ്രൂപ്പിലെ സാമൂഹ്യപ്രവർത്തനം എന്ന വിഷയത്തിലാണ് വിവാദഭാഗങ്ങളുള്ളത്.
'നമ്മുടെ രാജ്യത്ത് എന്നത് പോലെ ലോകം മുഴുവൻ നേരിടുന്ന സാമൂഹിക രാഷ്ട്രീയ പ്രശ്നമാണ് വർഗീയത. ഇത് നിയന്ത്രിക്കുവാൻ നമുക്ക് എന്തു ചെയ്യുവാൻ കഴിയും? ചർച്ച ചെയ്യുക' - എന്നതിന് താഴെയാണ് സംവരണ വിരുദ്ധ പരാമർശം.
'അന്യ വിശ്വാസങ്ങളെ മനസ്സിലാക്കുന്നതിനും സഹിഷ്ണുതയ്ക്കും പ്രോത്സാഹനം നൽകുക, പാരസ്പരിക മതപഠനവും ആരാധനയും പ്രോത്സാഹിപ്പിക്കുക, പാരമ്പര്യ വിശ്വാസങ്ങളും ആചാരങ്ങളും അനുഷ്ഠിക്കുന്നതിന് നിർബന്ധം ഒഴിവാക്കുക, രാഷ്ട്രീയത്തിൽനിന്ന് മതവിശ്വാസത്തെ മാറ്റി നിർത്തുക, സാമുദായിക സംവരണത്തിന് പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തുക, ദേശീയ ഐക്യത്തിനും ദേശീയോദ്ഗ്രഥനത്തിനും പ്രാധാന്യം നൽകുന്ന ദേശീയ ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുക, സാമുദായിക തീവ്രവികാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന സംഘടനകളെ നിരോധിക്കുക, സമൂഹത്തിൽ സമാധാന സമിതികൾ രൂപീകരിക്കുക.'- എന്നിങ്ങനെയാണ് പരിഹാരമാർഗമായി വിശദീകരിക്കുന്നത്.
സാമുദായിക സംഘടനകൾ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകുമെന്നും പാഠപുസ്തകം പറയുന്നു. 'വർഗീയതയുടെ പരിണിതഫലങ്ങൾ പ്രവചനാതീതമാണ്. സാമൂഹ്യ ഐക്യം സ്ഥിരമായും തകരാറിലായേക്കാം. സാമുദായിക സംഘടനകൾ സാമൂഹ്യ-സാംസ്‌കാരിക വികസനത്തിന് ഭീഷണിയാകും. അക്രമവും സാമൂഹ്യ അരാജകത്വവും സമൂഹത്തിൽ മുന്നിട്ടു നിൽക്കും.....വിദേശ ആക്രമണം ഉണ്ടാകുന്നതിന് ഈ സന്ദർഭം കാരണമാകും' - പുസ്തകം വിശദീകരിക്കുന്നു.
സോഷ്യൽ വർക്ക് വിഷയം ഓപ്ഷനായി എടുത്ത കുട്ടികൾക്ക് വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ആർ.ടി) 2019ൽ തയ്യാറാക്കിയതാണ് പുസ്തകം. പരാമർശത്തിന് പിന്നിൽ സംവരണ വിരുദ്ധ ഉദ്യോഗസ്ഥ ലോബിയാണെന്നാണ് ആക്ഷേപം.
'എസ്എസ്എൽസി -ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പ് പൂർത്തിയായി'
എസ്എസ്എൽസി-ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഉള്ള തയ്യാറെടുപ്പ് പൂർത്തിയായെന്നും മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 13 ലക്ഷത്തിലധികം കുട്ടികൾ ആകെ പരീക്ഷ എഴുതുന്നുണ്ടെന്നും 2921 പരീക്ഷാകേന്ദ്രങ്ങളുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരീക്ഷക്കാലത്ത് ചൂട് വളരെ കൂടുതലാണെന്നും അതിനാൽ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് നിർബന്ധമായും ശുദ്ധജലം ലഭ്യമാക്കണമെന്നും പറഞ്ഞു. എച്ച്എസ്എസ് മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഒന്നിനും എസ്എസ്എൽസി ക്യാമ്പുകൾ ഏപ്രിൽ മൂന്നിനും തുടങ്ങുമെന്നും മേയ് പകുതിയോടെ ഫലം പ്രഖ്യാപിക്കാൻ കഴിയും എന്ന് കരുതുന്നുവെന്നും മന്ത്രി പറഞ്ഞു.
Adjust Story Font
16