Quantcast

കളമശ്ശേരി സ്‌ഫോടനത്തെ ഇസ്‍ലാമുമായി ചേർത്ത് യുക്തിവാദി ഗ്രൂപ്പിൽ ചർച്ച; വെളിപ്പെടുത്തലുമായി നാസ്തിക നേതാവ്

സി. രവിചന്ദ്രൻ അവതരിപ്പിച്ച ആഖ്യാനങ്ങളുടെ സ്വാധീനമാണ് സ്വതന്ത്രചിന്താ സംഘങ്ങളിലെല്ലാമുള്ള ഇസ്‌ലാം വിരുദ്ധതയുടെ കാരണമെന്ന് യുക്തിവാദി നേതാവ് ഡോ. സി. വിശ്വനാഥൻ

MediaOne Logo

Web Desk

  • Updated:

    2023-11-12 11:00:01.0

Published:

12 Nov 2023 10:59 AM GMT

Free-thinking activist Dr. C Viswanathan revealed that anti-Islam campaigns were carried out in the Kerala rationalist group on the day of the Kalamassery blast, Anti-Islam campaigns in rationalist group on Kalamassery blast,
X

ഡോ. സി. വിശ്വനാഥന്‍, വാട്സ്ആപ്പ് ഗ്രൂപ്പില്‍ നടന്ന ചര്‍ച്ചയുടെ സ്ക്രീന്‍ഷോട്ട്

കോഴിക്കോട്: കളമശ്ശേരി സ്‌ഫോടന ദിവസം യുക്തിവാദി ഗ്രൂപ്പിൽ ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങൾ നടന്നെന്ന വെളിപ്പെടുത്തലുമായി സ്വതന്ത്രചിന്താ പ്രവർത്തകൻ. സ്‌ഫോടനം നടന്നതിനു പിന്നാലെ ഇസ്‌ലാമും മുസ്‌ലിംകളുമായും ചേർത്തുള്ള പ്രചാരണമാണ് ഒരു പ്രമുഖ യുക്തിവാദ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നടന്നത്. കേരള യുക്തിവാദി സംഘം നേതാവ് ഡോ. സി. വിശ്വനാഥൻ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്‌ഫോടനദിവസം സംഘ്പരിവാർ നേതാക്കളടക്കം ഇസ്്‌ലാമുമായി ചേർത്തു നടത്തിയ പ്രചാരണങ്ങൾക്കൊപ്പം ചേരുകയായിരുന്നു ഒരു വിഭാഗം സ്വതന്ത്രചിന്തകരുമെന്ന് വിശ്വനാഥൻ ആരോപിച്ചു. 'ഫാനോസ് 2023' എന്ന പേരിൽ നവംബർ അഞ്ചിന് കോഴിക്കോട് ടൗൺഹാളിൽ യുക്തിവാദി സംഘം നടത്തിയ പരിപാടിയിൽ 'മുസ്‌ലിം വിരുദ്ധതയും സ്വതന്ത്രചിന്തകരും' എന്ന പേരിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹത്തിന്റെ ആരോപണം. സ്വതന്ത്ര ചിന്താമണ്ഡലത്തെ കീഴടക്കുന്ന വലതുപക്ഷ നാസ്തികതയെ പ്രതിരോധിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഉണ്ടാക്കിയ ഗ്രൂപ്പിലായിരുന്നു ഇസ്്‌ലാം വിരുദ്ധ പ്രചാരണം നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഐക്യദാർഢ്യ ബോംബ് പൊട്ടിച്ചോ പൊട്ടന്മാർ എന്നായിരുന്നു ഒരാളുടെ സന്ദേശം. കളമശ്ശേരി സ്‌ഫോടനവും ഫലസ്തീൻ വിഷയത്തിൽ സി.പി.എം നേതാവ് എം. സ്വരാജ് നടത്തിയ പ്രതികരണവും ചേർത്തുവച്ചായിരുന്നു മറ്റൊരു പ്രതികരണം. ഇക്കാര്യം അവിടെ തന്നെ ചോദ്യംചെയ്‌തെന്നും സംഭവം ആരു ചെയ്‌തെന്ന കാര്യത്തിൽ തീരുമാനം ആയിട്ടുപോരേ അമിതാവേശമെന്നു പ്രതികരിച്ചെന്നും വിശ്വനാഥൻ വെളിപ്പെടുത്തി.

സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിലും ദേശീയതലത്തിലും നടന്ന മുസ്‌ലിം വിരുദ്ധ പ്രചാരണത്തിൽ സ്വതന്ത്രചിന്തകരും ഭാഗമായെന്നും അദ്ദേഹം ആരോപിച്ചു. ഇസ്‌ലാമോഫോബിയ ഉണ്ടെന്നു പറയാൻ കേരളത്തിലെ സ്വതന്ത്രചിന്തകർക്കു ഭയങ്കര മടിയാണ്. കേരളത്തിലെ സ്വതന്ത്ര ചിന്താമണ്ഡലത്തിൽ നിലനിൽക്കുന്ന ഇസ്‌ലാം വിരുദ്ധതയുടെ പ്രബലമായ ആഖ്യാനത്തെ സ്വാധീനിച്ചത് സി. രവിചന്ദ്രൻ 2022ൽ എസൻസ് പരിപാടിയിൽ നടത്തി ഇസ്‌ലാമോഫോബിയയെക്കുറിച്ചുള്ള പ്രസംഗമാണ്.

രവിചന്ദ്രന്റെ സ്വാധീനത്തിലാണ് കേരളത്തിലെ സ്വതന്ത്രചിന്താ ഗ്രൂപ്പുകളിലെ വലിയ ശതമാനവും ഇസ്‌ലാം വിരുദ്ധ പരാമർശങ്ങളും ആഖ്യാനങ്ങളും ഉണ്ടാകുന്നത്. രവിചന്ദ്രൻ അവതരിപ്പിച്ച ആഖ്യാനത്തെ വിമർശിക്കാനോ അതിനോട് ഇടപെടാനോ സ്വതന്ത്രചിന്താ മണ്ഡലത്തിൽ ആരും ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Summary: Free-thinking activist Dr. C Viswanathan revealed that anti-Islam campaigns were carried out in the Kerala rationalist group on the day of the Kalamassery blast.

TAGS :

Next Story