Quantcast

യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ് മുതല്‍ ടിപ്പുവിന്‍റെ സിംഹാസനം വരെ; തട്ടിപ്പുവീരന്‍ അറസ്റ്റില്‍

'മോശയുടെ അത്ഭുത വടി മുതല്‍, 18,000 കോടിയുടെ സ്വര്‍ണ ഖുർആൻ വരെ'

MediaOne Logo

Web Desk

  • Updated:

    2021-09-27 06:14:17.0

Published:

26 Sep 2021 7:35 AM GMT

യേശുവിനെ ഒറ്റിക്കൊടുത്ത വെള്ളിക്കാശ് മുതല്‍ ടിപ്പുവിന്‍റെ സിംഹാസനം വരെ; തട്ടിപ്പുവീരന്‍ അറസ്റ്റില്‍
X

ടിപ്പു സുൽത്താന്‍റെ സിംഹാസനം മുതല്‍ യേശുവിനെ ഒറ്റുകൊടുത്ത 30 വെള്ളിക്കാശ് വരെ വില്‍പ്പനക്ക്...! കേള്‍ക്കുമ്പോള്‍ ആശ്ചര്യം തോന്നുന്നുണ്ടല്ലേ?! സംഭവം സത്യമാണ്, പക്ഷേ സാധനങ്ങളെല്ലാം ഡ്യൂപ്ലിക്കേറ്റ് ആണെന്ന് മാത്രം. പുരാവസ്തു വില്‍പ്പനക്കാരനെന്ന് സ്വയം അവകാശപ്പെട്ട് കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ വ്യക്തി ഇന്ന് അറസ്റ്റിലായതോടെയാണ് ഇത്രയും വലിയ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് പുറംലോകം അറിയുന്നത്. കൊച്ചി കേന്ദ്രീകരിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന മോൻസൻ മാവുങ്കല്‍ എന്ന യൂട്യൂബറെയാണ് ഇന്ന് എറണാകുളം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.

തട്ടിപ്പ് ഇങ്ങനെ

യു.എ.ഇ രാജകുടുംബത്തിലെ അംഗങ്ങള്‍ക്ക് ഉള്‍പ്പടെ പുരാവസ്തുക്കള്‍ വിറ്റിട്ടുണ്ടെന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ചാണ് മോൻസൻ മാവുങ്കലിന്‍റെ തട്ടിപ്പുകള്‍. ഉപഭോക്താക്കളുടെ വിശ്വാസം ഊട്ടിയുറപ്പിക്കാന്‍ ഇതിനായുള്ള വ്യാജ തെളിവുകളും ഇദ്ദേഹത്തിന്‍റെ കയ്യില്‍ റെഡിയാണ്. ഇതിനായി വ്യാജ ബാങ്ക് രേഖകള്‍ പുട്ടിന് പീര പോലെ ഇടപാടുകാരെ കാണിക്കുന്നതാണ് മോന്‍സന്‍റെ രീതി

പരിചയക്കാരെയും വെറുതെ വിടില്ല...

വിദേശത്തു നിന്ന് രണ്ട് ലക്ഷം കോടിയിലധികം രൂപ പുരാവസ്തു വില്‍പനകളിലൂടെ തന്‍റെ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് മോന്‍സന്‍ തന്‍റെ പരിചയക്കാരെ പറഞ്ഞു വിശ്വസിപ്പിക്കാറ്. എന്നാല്‍ ഇത്രയും വലിയ തുകയായതുകൊണ്ട് പിന്‍വലിക്കാന്‍ ചില നിയമക്കുരുക്കുകള്‍ ഉണ്ടെന്നും അതുകൊണ്ട് തന്നെ താല്‍ക്കാലികമായി അത് പിന്‍വലിക്കാന്‍ സാധിക്കുന്നില്ലെന്നും പരിചയക്കാരെ വിശ്വസിപ്പിക്കും. പണം ഉടന്‍ പിന്‍വലിക്കാന്‍ സാധിക്കുമെന്നും അപ്പോള്‍ തിരികെ തരാമെന്നും പറഞ്ഞ് ഇങ്ങനെ പരിചയക്കാരില്‍ നിന്ന് മാത്രം മോന്‍സന്‍ തട്ടിയത് നാല് കോടിക്കും മുകളിലാണ്.

മോശയുടെ വടി മുതല്‍ മുഹമ്മദ് നബിയുടെ മണ്‍വിളക്ക് വരെ

മോന്‍സന്‍റെ പക്കലുള്ള പുരാവസ്തുക്കളെക്കുറിച്ച് അറിഞ്ഞാല്‍ ആരുടേയും കണ്ണ് തള്ളിപ്പോകും. പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച മണ്‍വിളക്ക് മുതല്‍ യേശുവിനെ ഒറ്റുകൊടുത്ത വെള്ളിക്കാശ് വരെ ഇയാളുടെ കൈയ്യിലുണ്ടെന്നാണ് ഇടപാടുകാരെ വിശ്വസിപ്പിക്കുന്നത്. മുഗള്‍ചക്രവര്‍ത്തിമാരായ അക്ബര്‍, ഷാജഹാന്‍, ഔറംറഗസേബ്‌ തുടങ്ങിയവര്‍ ഉപയോഗിച്ചുകൊണ്ടിരുന്ന 18000 കോടി രൂപയിലധികം വില വരുന്ന സ്വര്‍ണനിര്‍മ്മിതമായ ഖുര്‍ആന്‍ പ്രതി, ബൈബിളിലെ മോശയുടെ വടി, സത്യസായി ബാബയുടെ ഒന്നര കിലോ തൂക്കമുള്ള സ്വര്‍ണപാദുകം, അങ്ങനെ പോകുന്നു മോണ്‍സണിന്‍റെ തട്ടിപ്പ് പുരാവസ്തുക്കളുടെ ശേഖരം.

കേട്ടുകേള്‍വി പോലുമില്ലാത്ത അത്യപൂര്‍വ്വ ശേഖരങ്ങള്‍!!

വര്‍ഷങ്ങളുടെ പഴക്കമുള്ള ദേവ സങ്കല്‍പത്തിലെ ആദ്യ ദാരു ശില്‍പം, ബൈബിളിലെ മോശയുടെ വടി, ശ്രീ നാരായണ ഗുരുവിന്‍റെ വടി, മൈസൂര്‍ കൊട്ടാരത്തില്‍ നിന്ന് വിലയ്ക്ക് വാങ്ങിയ 690 കിലോ പഞ്ചലോഹം കൊണ്ട്‌ മെനഞ്ഞ നാല് നിര വലിയ നന്ദി ശില്‍പം, മൈസൂര്‍ കൊട്ടാരത്തിന്‍റെ ഒറിജിനല്‍ ആധാരം, തിരുവിതാംകൂര്‍ രാജാവിന്‍റെ ഇരിപ്പിടം, അംശവടികള്‍, ഒറ്റത്തടിയില്‍ തീര്‍ത്ത ചനനശില്‍പ്പങ്ങള്‍, നിരവധി പുരാതന പാത്രങ്ങള്‍, ഭരണികള്‍, തുക്കുവിളക്കുകള്‍, ആയുധങ്ങള്‍, ആദ്യത്തെ ഗ്രാഫോണ്‍, ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഫാന്‍, തേപ്പുപെട്ടി, സത്യസായി ബാബയുടെ ഒന്നര കിലോ തൂക്കമുള്ള സ്വര്‍ണപാദുകം, വജ്രക്കല്ലുകള്‍ പൊതിഞ്ഞ 10 കോടി മൂതല്‍ 42 കോടി വരെ വിലയുള്ള വാച്ചുകള്‍ ചന്ദനത്തടിയില്‍ മെനഞ്ഞെടുത്ത കൊല്ലംകോട്‌ കൊട്ടാരത്തില്‍ നിന്നും വാങ്ങിയ അത്യപൂര്‍വ്വ ശില്‍‌പം, മദര്‍തെരേസ, സെന്റ്‌ ആന്റണീസ്‌ എന്നിവരുടെ കേശങ്ങള്‍, വാഴ്‌ത്തപ്പെട്ട വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുശേഷിപ്പുകള്‍, ലോകത്ത് ആദ്യം പ്രിന്‍റ് ചെയ്ത ബൈബിള്‍, പ്രവാചകന്‍ മുഹമ്മദ് നബി ഉപയോഗിച്ച മണ്‍വിളക്ക്‌, നിസ്‌കാരപ്പടം..




ലോകത്തിതുവരെ ആരും കാണാത്തതും കേള്‍ക്കാത്തതുമായ വസ്തുക്കളാണ് ഇതില്‍ ഭൂരിപക്ഷവും. സിനിമാ ചിത്രീകരണത്തിനായി ഉപയോഗിക്കുന്ന സാധനങ്ങളാണ ്മോണ്‍സണ്‍ പുരാവസ്തുക്കളെന്ന പേരില്‍ ആളുകളെ പറ്റിക്കാന്‍ കാണിച്ചുകൊണ്ടിരുന്നത്. സിനിമാ സെറ്റുകളില്‍ പുരാവസ്തുവായി ഉപയോഗിക്കുന്ന സാധനങ്ങളും ചേർത്തലയിലെ ഒരു ആശാരി നിര്‍മ്മിക്കുന്ന സാധനങ്ങളുമാണ് ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. എന്നാല്‍ ഒറിജിനാലാണെന്ന് പറഞ്ഞല്ല, വസ്തുക്കളുടെ പകര്‍പര്‍പ്പാണെന്ന് പറഞ്ഞു തന്നെയാണ് പുരാവസ്തുക്കള്‍ വിറ്റിരുന്നതെന്നാണ് മോന്‍സന്‍ പൊലീസിനോട് ക്രൈംബ്രാഞ്ചിനോട് പറഞ്ഞത്. ഇന്ന് ഉച്ചയ്ക്ക് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാൾക്കൊപ്പം മറ്റ് അഞ്ച് പേരെക്കൂടി കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. തട്ടിപ്പിനിരയായ ആറു പേര്‍ കഴിഞ്ഞയാഴ്ച ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. ഇതിനെത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് മോന്‍സന്‍ പിടിയിലാകുന്നത്.





TAGS :

Next Story