പുരാവസ്‌തു തട്ടിപ്പ് കേസ്: കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല
കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല.
കൊച്ചി: പുരാവസ്തു തട്ടിപ്പിലെ സാമ്പത്തിക ഇടപാട് കേസിൽ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഇ ഡി യെ അറിയിക്കും. സമയം നീട്ടി ചോദിക്കാനാണ് തീരുമാനം.
കേസിൽ മുൻ ഡിഐജി എസ് സുരേന്ദ്രനും ഇന്ന് ഇ ഡിക്ക് മുന്നിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകാൻ കഴിയില്ലെന്ന് എസ് സുരേന്ദ്രൻ ഇ ഡി യെ അറിയിച്ചു. ഇത് രണ്ടാമത്തെ പ്രാവശ്യമാണ് എസ് സുരേന്ദ്രനെ ഇ ഡി ചോദ്യം ചെയ്യാൻ ഒരുങ്ങുന്നത്. മോൻസൺ മാവുങ്കൽ പലപ്പോഴായി സുരേന്ദ്രന്റെ ഭാര്യയുടെ അക്കൗണ്ടിലേക്ക് പണം കൈമാറിയിരുന്നു. ഇത് സംബന്ധിച്ചുള്ള രേഖകൾ പരാതിക്കാർ ഇ ഡിക്ക് നൽകിയിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ മറവിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇ ഡി പരിശോധിക്കുന്നത്.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും സുരേന്ദ്രനെ വീണ്ടും ചോദ്യം ചെയ്യുക. നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും ചികിത്സയിലായതിനാൽ ഹാജരാകാൻ കഴിയില്ലെന്ന് ഐ ജി ലക്ഷ്മൺ ഇ ഡിയെ അറിയിച്ചിരുന്നു.
കേസിൽ നേരത്തെ കെ സുധാകരനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്ത വിട്ടയച്ചിരുന്നു. പരാതിക്കാർ മോൻസന് നൽകിയ 25 ലക്ഷം രൂപയിൽ പത്തുലക്ഷം കെ സുധാകരൻ കൈപ്പറ്റിയെന്ന് മോൻസന്റെ മുൻജീവനക്കാർ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.
Adjust Story Font
16