Quantcast

ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; പുനഃസംഘടന ഇന്നുണ്ടായേക്കും

ഇന്നു രാവിലെ ചേരുന്ന ഇടതു മുന്നണി യോഗം രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭാ പുനഃസംഘടന ചർച്ച ചെയ്യും

MediaOne Logo

Web Desk

  • Updated:

    2023-12-24 03:06:53.0

Published:

24 Dec 2023 1:00 AM GMT

ഗണേഷ്കുമാറും കടന്നപ്പള്ളിയും മന്ത്രിസഭയിലേക്ക്; പുനഃസംഘടന ഇന്നുണ്ടായേക്കും
X

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്‍റെ രണ്ടാം മന്ത്രിസഭ പുനഃസംഘടനയില്‍ ഇന്നത്തെ ഇടത് മുന്നണി യോഗം തീരുമാനമെടുക്കും. രാവിലെ ചേരുന്ന മുന്നണി യോഗം പുനഃസംഘടന ചർച്ച ചെയ്യും. ആന്‍റണി രാജുവിനും അഹമ്മദ് ദേവർകോവിലിനും പകരം ഗണേഷ്കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. ഈ മാസം 29നു സത്യപ്രതിഞ്ജ നടത്താനാണ് ആലോചന.

മന്ത്രിസഭ രൂപീകരണ സമയത്ത് ഉണ്ടായ ധാരണ പ്രകാരം ഘടകകക്ഷികളായ നാല് എം.എല്‍.എമാരില്‍ രണ്ടുപേർക്ക് രണ്ടര വർഷവും മറ്റ് രണ്ടുപേർക്ക് രണ്ടരവർഷവുമാണ് തീരുമാനിച്ചത്. ഇത് പ്രകാരം ഗതാഗത മന്ത്രി ആന്‍റണി രാജുവും തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലും മാറി ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസഭയില്‍ എത്തും. മുന്‍ധാരണ പ്രകാരമാണെങ്കില്‍ നവംബർ അവസാനം പുനഃസംഘടന നടക്കേണ്ടതായിരിന്നു. എന്നാല്‍, നവകേരള സദസ്സ് നടക്കുന്നതുകൊണ്ടാണ് പുനഃസംഘടന നീണ്ടുപോയത്.

നവകേരള സദസ് അവസാനിച്ച പശ്ചാത്തലത്തിലാണ് പുനഃസംഘടനയിലേക്ക് ഇടതുമുന്നണി കടക്കുന്നത്. ഇന്ന് ചേരുന്ന മുന്നണി യോഗം മന്ത്രിമാരെ മാറ്റുന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മുന്നണി തീരുമാനം വരുന്നതിന് പിന്നാലെ ആന്‍റണി രാജുവും അഹമ്മദ് ദേവർകോവിലും മന്ത്രിസ്ഥാനം രാജിവയ്ക്കും. ഗണേഷ്കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ഈ മാസം 29ന് രാജ്ഭവനില്‍ ഒരുക്കുന്ന പ്രത്യേക വേദിയില്‍ നടക്കും.

ആന്‍റണി രാജു ഒഴിയുന്ന ഗതാഗത വകുപ്പ് ഗണേഷ് കുമാറിനും അഹമ്മദ് ദേവർകോവില്‍ ഒഴിയുന്ന തുറമുഖ വകുപ്പ് കടന്നപ്പള്ളി രാമചന്ദ്രനും ലഭിച്ചേക്കും. ഇരുവരും ഇതേ വകുപ്പുകള്‍ നേരത്തെയും കൈകാര്യം ചെയ്തിട്ടുണ്ട്. തുറമുഖ വകുപ്പ് സി.പി.എം ഏറ്റെടുത്ത് ദേവസ്വം വകുപ്പ് കടന്നപ്പള്ളിക്ക് നല്‍കുമെന്ന് അഭ്യൂഹം ഉണ്ടെങ്കിലും അതിനുള്ള സാധ്യത കുറവാണ്. മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ആർ.ജെ.ഡി നല്‍കിയ കത്തും യോഗം പരിഗണിക്കും. തങ്ങളാണ് യഥാർത്ഥ ജെ.ഡി.എസ് എന്നു കാട്ടി സി.കെ നാണു നല്‍കിയ കത്തും യോഗത്തില്‍ ചര്‍ച്ചയ്ക്കു വന്നേക്കും.

Summary: Today's LDF meeting will take a decision on the second cabinet reshuffle of the second Pinarayi government. Antony Raju and Ahmed Devarkovil will be replaced by Ganesh Kumar and Kadannappally Ramachandran in the cabinet.

TAGS :

Next Story