ഒടുവില്‍ കുഞ്ഞ് പെറ്റമ്മയുടെ കരങ്ങളില്‍; അനുപമയുടെ പോരാട്ടത്തിന്‍റെ നാള്‍വഴി
അനുപമ കുഞ്ഞിനെ തിരികെ നേടിയത് ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ്
അമ്മയറിയാതെ ദത്തു നല്‍കിയ കേസില്‍ കുടുംബ കോടതിയുടെ ഇടപെടലോടെ കുഞ്ഞ് പെറ്റമ്മയുടെ കരങ്ങളിലെത്തി. ഇനി അവന് അമ്മയുടെ തണല്‍. അനുപമ കുഞ്ഞിനെ തിരികെ നേടിയത് ഒരു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ്. കേസിന്‍റെ നാള്‍വഴിയിങ്ങനെ...
2020 ഒക്ടോബർ 19- കാട്ടാക്കടയിലെ ആശുപത്രിയിൽ അനുപമ ആൺകുഞ്ഞിനു ജന്മം നൽകി
ഒക്ടോബർ 22- അനുപമയുടെ കുഞ്ഞിനെ മാതാപിതാക്കൾ ശിശുക്ഷേമ സമിതിക്കു കൈമാറി. ലഭിച്ചത് ആണ്‍കുഞ്ഞാണെങ്കിലും പെണ്‍കുഞ്ഞിനെ അമ്മത്തൊട്ടിലില്‍ ലഭിച്ചെന്നും മലാല എന്ന പേരിട്ടെന്നുമായിരുന്നു സമിതിയുടെ അടുത്ത ദിവസത്തെ പത്രക്കുറിപ്പ്
2021 ജനുവരി- അജിത് കുമാർ ആദ്യ ഭാര്യയിൽ നിന്നു വിവാഹമോചനം നേടി
ഫെബ്രുവരി- അനുപമയുടെ സഹോദരിയുടെ വിവാഹം
മാർച്ച്- അജിത്തും അനുപമയും ഒരുമിച്ചു താമസിക്കുന്നു
ഏപ്രിൽ 19- കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന പരാതിയുമായി അനുപമ പേരൂർക്കട പൊലീസ് സ്റ്റേഷനിലെത്തി
ഏപ്രിൽ- ചൈൽഡ് വെൽഫെയർ കമ്മിറ്റിയില്‍ പരാതി നല്‍കി
ഏപ്രിൽ 29- അനുപമ ഡിജിപിക്ക് പരാതി നല്‍കി
മെയ്- പേരൂർക്കട പൊലീസ് അനുപമയുടെ മൊഴി രേഖപ്പെടുത്തി
ആഗസ്ത് 7- ആന്ധ്ര ദമ്പതികൾക്കു താൽക്കാലികമായി കുഞ്ഞിനെ ദത്തു നൽകാൻ അഞ്ചംഗ ദത്തു നൽകൽ സമിതി തീരുമാനിച്ചു
ആഗസ്ത് 11- കുഞ്ഞിനെ തിരക്കി അനുപമ ശിശുക്ഷേമ സമിതിയിലെത്തി. കണ്ടതു മറ്റൊരു കുഞ്ഞിനെ. ഡിഎൻഎ പരിശോധന നടത്താൻ സിഡബ്ല്യുസിക്ക് അപേക്ഷ നൽകി
സെപ്തംബര്‍ 30- ഡിഎൻഎ പരിശോധന
ഒക്ടോബർ 7- സമിതിയിൽ കണ്ട കുഞ്ഞ് അനുപമയുടേതല്ലെന്നു പരിശോധനാ ഫലം
ഒക്ടോബർ 15- നടന്ന സംഭവങ്ങള്‍ അനുപമ മാധ്യമങ്ങളോട് വിശദീകരിച്ചു
ഒക്ടോബർ 18- പൊലീസ് കേസ് രജിസ്റ്റർ ചെയ്തു
ഒക്ടോബർ 21- വനിതാ കമ്മിഷൻ കേസെടുത്തു
നവംബർ 11- അനുപമയും അജിത്തും ശിശുക്ഷേമ സമിതി ഓഫിസിനു മുൻപിൽ അനിശ്ചിതകാല സത്യഗ്രഹം തുടങ്ങി
നവംബർ 18- കുഞ്ഞിനെ ഡിഎൻഎ പരിശോധനയ്ക്കായി ആന്ധ്ര പ്രദേശിൽ നിന്നു കേരളത്തിലെത്തിക്കാൻ ചൈൽഡ് വെൽഫെയർ കമ്മിറ്റി ഉത്തരവിട്ടു
നവംബർ 21- ദത്ത് നൽകിയ കുഞ്ഞിനെ ആന്ധ്രപ്രദേശില്‍ നിന്ന് തിരികെയെത്തിച്ചു
നവംബർ 22- ഡിഎൻഎ പരിശോധനയ്ക്കായി കുഞ്ഞിന്‍റെയും അനുപമയുടെയും അജിത്തിന്‍റെയും സാമ്പിള്‍ ശേഖരിച്ചു.
നവംബർ 23- കുഞ്ഞിന്റെ മാതാവ് അനുപമയെന്ന് ഡിഎൻഎ പരിശോധനാഫലം
നവംബർ 24- വഞ്ചിയൂര്‍ കുടുംബകോടതി കുഞ്ഞിനെ അനുപമയ്ക്കു കൈമാറി
Adjust Story Font
16