നിപയിൽ ആശങ്ക ഒഴിയുന്നു; ഇന്നലെ പരിശോധിച്ച 20 സാമ്പിളുകളും നെഗറ്റീവ്
ഇതുവരെ പരിശോധിച്ച 30 പേരുടെയും ഫലങ്ങൾ നെഗറ്റീവായെന്നും ആരോഗ്യമന്ത്രി
സംസ്ഥാനത്ത് നിപ രോഗലക്ഷണമുണ്ടായിരുന്ന 20 പേരുടെ ഫലവും നെഗറ്റീവായെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഇനി അറിയാനുള്ളത് 21 പേരുടെ പരിശോധനാഫലമാണ്. ഇതുവരെ പരിശോധിച്ച 30 പേരുടെയും ഫലങ്ങൾ നെഗറ്റീവായെന്നും ആരോഗ്യമന്ത്രി പറഞ്ഞു. വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഭോപ്പാലിൽ നിന്നുള്ള എൻ.ഐ.വി സംഘം രണ്ട് ദിവസത്തിനകം കോഴിക്കോടെത്തും. വീടുകൾ കയറിയുള്ള വിവരശേഖരണം ഫലപ്രദമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
പ്രശ്നങ്ങൾ വിലയിരുത്താൻ മന്ത്രിമാർ ജില്ലയിൽ തുടരുമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഉറവിടം കണ്ടെത്തുന്നതിന് മൃഗങ്ങളുടെയും പക്ഷികളുടെയും പരിശോധനക്ക് യാതൊരുവിധ തടസവുമില്ലെന്നാണ് വനം മന്ത്രി എ.കെ ശശീന്ദ്രന്‍ വ്യക്തമാക്കുന്നത്. ഇതിന് നിയമപരമായ ഉത്തരവ് ആവശ്യമെങ്കിൽ അതും നൽകുമെന്ന് മന്ത്രി പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് കുട്ടികളില്‍ ആദ്യമായി നിപ വൈറസ് ബാധയുണ്ടായ സാഹചര്യത്തിൽ കുട്ടികള്‍ക്കായി പ്രത്യേക ചികിത്സാ സൗകര്യങ്ങള്‍ ആരോഗ്യവകുപ്പ് ഒരുക്കി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലും കോഴിക്കോട് ഐ.എം.സി.എച്ചിലും പ്രത്യേക വാര്‍ഡ്, ഐ.സി.യു, വെന്‍റിലേറ്റര്‍ സൗകര്യങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. മസ്തിഷ്കജ്വര ലക്ഷണങ്ങളുള്ള കുട്ടികളില്‍ നിപ പരിശോധന നടത്തണമെന്നും നിര്‍ദേശമുണ്ട്.
Adjust Story Font
16