കുടകിലെ ഇഞ്ചിപ്പാടങ്ങളില്‍ ആദിവാസികളുടെ ദുരൂഹമരണം: സമഗ്രാന്വേഷണം ആവശ്യപ്പെട്ട് വസ്തുതാന്വേഷണ സംഘം
തോട്ടങ്ങളിൽ ജോലിക്ക് പോകുന്ന ആദിവാസികൾ ദുരൂഹസാഹചര്യങ്ങളിൽ മരിക്കുന്ന സംഭവത്തില്‍ ഊരുകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ സംഘം, കർണാടക മുഖ്യമന്ത്രിക്കും വയനാട്, കൂർഗ് ജില്ലാ പൊലീസ് മേധാവികൾക്കും നിവേദനം നൽകി
കല്‍പറ്റ: കർണാടകയിലെ തോട്ടങ്ങളിൽ ജോലിക്ക് പോകുന്ന ആദിവാസികൾ ദുരൂഹസാഹചര്യങ്ങളിൽ മരിക്കുന്നതിൽ സമഗ്രാന്വേഷണം വേണമെന്ന് അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്(എ.പി.സി.ആർ) വസ്തുതാന്വേഷണ സംഘം. കുടകിലെ ഇഞ്ചിപ്പാടങ്ങളിൽ ഉൾപ്പെടെ മരിച്ച ആദിവാസികളുടെ ഊരുകൾ സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കിയ സംഘം, കർണാടക മുഖ്യമന്ത്രിക്കും വയനാട്, കൂർഗ് ജില്ലാ പൊലീസ് മേധാവികൾക്കും നിവേദനം നൽകി. ജൂണിൽ മരിച്ച ശേഖരന്‍റെ കുടുംബവും സംഘത്തോടൊപ്പമെത്തി വയനാട് എസ്.പിക്കു പരാതി നൽകി.
വയനാട്ടിൽനിന്ന് കർണാടകയിലേക്ക് ജോലിക്കുപോയ മൂന്ന് ആദിവാസികളാണ് അടുത്തിടെ മാത്രം ദുരൂഹസാഹചര്യത്തിൽ മരിച്ചത്. കുടകിലെ ആദിവാസി മരണങ്ങളുമായി ബന്ധപ്പെട്ട് മീഡിയവണ്‍ അന്വേഷണ റിപ്പോര്‍ട്ടിനു പിന്നാലെയാണ് വിഷയം സമൂഹശ്രദ്ധയിലെത്തിയത്. ആദിവാസികളുടെ മരണങ്ങൾ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്താനോ നിലവിലുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനോ ജില്ലാ ഭരണകൂടവും നിയമപാലകരും ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നാണ് എ.പി.സി.ആർ വസ്തുതാന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.
ജൂണിൽ പുൽപ്പള്ളി പാളക്കൊല്ലി കോളനിയിലെ ശേഖരൻ, ജൂലൈയിൽ നെന്മേനി കായൽക്കുന്ന് കോളനിയിലെ സന്തോഷ് എന്നിവർ മരിച്ചിരുന്നു. തിരുനെല്ലി കാളിന്ദി കോളനിയിലെ അരുണിനെ മാസങ്ങളായിട്ടും കണ്ടെത്തിയിട്ടില്ല. മരിച്ച ശേഖരൻ്റെ ശരീരത്തിൽ ഐ.സി.യുവിൽ പ്രവേശിപ്പിക്കുമ്പോൾ ഇല്ലാതിരുന്ന ആഴത്തിലുള്ള മുറിവുകൾ ചൂണ്ടിക്കാട്ടി കുടകിലെത്തുന്ന ആദിവാസികളെ ലക്ഷ്യംവച്ച് അവയവക്കച്ചവട മാഫിയ പ്രവർത്തിക്കുന്നുണ്ടോ എന്ന സംശയവും സംഘം ഉയർത്തി. ദുരൂഹമരണങ്ങളുടെ പശ്ചാത്തലത്തിൽ എസ്.സി-എസ്.ടി കമ്മീഷൻ വയനാട് സന്ദർശിക്കണമെന്നും സംഘത്തിലുണ്ടായിരുന്ന അഡ്വ. പി.എ പൗരൻ ആവശ്യപ്പെട്ടു.
നടപടിയുണ്ടായില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. മരണങ്ങളെ കുറിച്ച് ഉത്തരവാദപ്പെട്ടവർ പറയുന്ന കാരണങ്ങളൊന്നും വിശ്വാസയോഗ്യമല്ലെന്ന് മനുഷ്യാവകാശ പ്രവർത്തകയായ അമ്മിണി കെ. വയനാടും ആരോപിച്ചു.
Summary: A fact-finding team of the Association for Protection of Civil Rights (APCR) has called for a comprehensive investigation into the mysterious deaths of tribals going to work in plantations in Karnataka.
Adjust Story Font
16