രാജ്യത്ത് ക്രൈസ്തവർക്കെതിരായ പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് തൃശൂർ അതിരൂപത
സംസ്ഥാനത്ത് വിവിധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിലെ വിവേചനം അവസാനിപ്പിക്കണമെന്നും തൃശൂർ അതിരൂപതാ ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു.
തൃശൂർ: രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന പീഡനങ്ങൾ അവസാനിപ്പിക്കണമെന്ന് തൃശൂർ അതിരൂപത. ക്രൈസ്തവ സ്ഥാപനങ്ങൾക്ക് നേരെ നിരന്തരം നടന്നുവരുന്ന ആക്രമണങ്ങൾ തടയാൻ കേന്ദ്ര സർക്കാർ അതിശക്തമായി ഇപെടണമെന്നും അതിരൂപതയുടെ പ്രമേയത്തിൽ ആവശ്യപ്പെട്ടു. . തൃശൂർ അതിരൂപത സമുദായ ജാഗ്രതാ സമ്മേളനത്തിലാണ് പ്രമേയം പാസാക്കിയത്.
സംസ്ഥാനത്ത് വിവധ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വിതരണം ചെയ്യുന്നതിൽ നീതികരിക്കാനാകാത്ത വിവേചനവും, നിയമപരമല്ലാത്ത മാനദണ്ഡങ്ങളും നിലനിൽക്കുന്ന അവസ്ഥ അവസാനിപ്പിക്കണമെന്നും ജാഗ്രതാ സമ്മേളനം ആവശ്യപ്പെട്ടു. ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ ജനസംഖ്യാനുപാതത്തിൽ വിതരണം ചെയ്യണമെന്ന് ഹൈക്കോടതിയുടെ വിധി അംഗീകരിക്കപ്പെടേണ്ടതാണെന്നും എന്നാൽ സർക്കാരിന്റെ വിരുദ്ധമായ നിലപാട് ഏറെ വേദനയും ഉൽക്കണ്ഠയും ഉണ്ടാക്കുന്നതാണെന്നും, സർക്കാരിന്റെ ഈ നിലപാടിൽ അമർഷമുണ്ടെന്നും പ്രമേയത്തിൽ പറയുന്നു.
കേരളത്തിലെ ക്രൈസ്തവ സമൂഹങ്ങളുടെ സാമ്പത്തിക - വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നപരിഹാരത്തിനായി നിയമിച്ച ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് ഒമ്പത് മാസങ്ങൾ കഴിഞ്ഞിട്ടും അത് പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ ജാഗ്രതാ സമ്മേളനം പ്രതിഷേധമറിയിച്ചു. റിപ്പോർട്ടിലെ ശിപാർശകൾ പ്രസിദ്ധീകരിച്ച്, സമുദായ നേതൃത്വവുമായി ചർച്ച ചെയ്തു നടപ്പിലാക്കുന്നതിന് വേണ്ട നടപടികൾ ഉടൻ സ്വീകരിക്കണമെന്നും പ്രമേയം സർക്കാരിനോട് ആവശ്യപ്പെട്ടു.
Adjust Story Font
16