ഗംഗാവലിയിൽ നിന്നും പുതിയ സിഗ്നൽ ലഭിച്ചു; ട്രക്കിന്റേതിന് സമാനമായ സിഗ്നലെന്ന് നിഗമനം
പുതിയ സിഗ്നൽ ലഭിച്ചത് മൺകൂനയ്ക്കടുത്ത് നിന്ന്. ശക്തിയേറിയ സിഗ്നലെന്ന് നിഗമനം
മംഗളൂരു: ഗംഗാവലി പുഴയിൽ നിന്നും ട്രക്കിന്റേതിന് സമാനമായ സിഗ്നൽ ലഭിച്ചതായി നിഗമനം. ഐ ബോൺ ഡ്രോൺ പരിശോധനയില്‍ പുഴയിലെ മൺകൂനയുടെ സമീപത്ത് നിന്നാണ് പുതിയ സിഗ്നൽ ലഭിച്ചത്. ശക്തിയേറിയ സിഗ്നലാണ് ലഭിച്ചത്. ഇവിടെ ട്രക്കുണ്ടാവാൻ കൂടുതൽ സാധ്യതയെന്നാണ് കരുതുന്നത്. റോഡിൽ നിന്നും 60 മീറ്റർ മാറിയാണ് മൺകൂനയുള്ളത്.
അടിയൊഴുക്ക് ശക്തമായതിനാൽ പ്രദേശത്ത് മുങ്ങൽ വിദഗ്ധർക്ക് പരിശോധന നടത്താനും പ്രയാസം നേരിടുന്നുണ്ട്. ശക്തമായ മഴയും പുഴയിലെ അടിയൊഴുക്കും തിരച്ചിലിന് തടസം സൃഷ്ടിക്കുന്നുണ്ട്. അതേസമയം മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അങ്കോലയിൽ ഉന്നതതല യോഗം ചേരുകയാണ്. മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തിരച്ചിലിന് സാധ്യമായതെല്ലാം ചെയ്യുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞിരുന്നു. കർണാടക സർക്കാരുമായി കാര്യങ്ങൾ ചർച്ച ചെയ്യുമെന്നും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യണം എന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. മുങ്ങൽ വിദഗ്ധർക്ക് വെള്ളത്തിലിറങ്ങി പരിശോധിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് നേവി അറിയിച്ചിട്ടുണ്ട്. എന്നാൽ ദൗത്യസംഘം ഒരു തരത്തിലും പിന്നോട്ടു പോകരുതെന്ന നിലപാടാണ് നമുക്കുള്ളത്. സാധ്യമാകുന്നതെന്തും ചെയ്ത് മുന്നോട്ടു പോകമമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാടെന്നും മന്ത്രി അറിയിച്ചിരുന്നു.
Adjust Story Font
16