നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ നിന്ന് എട്ട് കോടി തട്ടിയ കാനറ ബാങ്ക് ജീവനക്കാരന്‍ പിടിയില്‍
14 മാസത്തോളം സമയമെടുത്ത് 191 നിക്ഷേപകരുടെ അക്കൗണ്ടിൽ തിരിമറി നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്.
കാനറ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതി പിടിയിൽ. ബംഗളൂരുവില്‍ നിന്നാണ് വിജീഷ് വർഗീസിനെ പോലീസ് അറസ്റ്റ് ചെയ്തത്. ബാങ്കിൽ നിന്നും എട്ട് കോടി തട്ടിയെടുത്തെന്നാണ് കേസ്. പ്രതിക്കൊപ്പം ഒളിവിൽ പോയ ഭാര്യയും കുട്ടികളും കസ്റ്റഡിയിലായി.
പത്തനംതിട്ട കാനറാ ബാങ്ക് ശാഖയിൽ ക്ലര്‍ക്ക് കം കാഷ്യറായിരുന്ന വിജീഷ് വര്‍ഗീസ് 8 കോടി 13 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയതായാണ് കേസ്. 14 മാസത്തോളം സമയമെടുത്ത് 191 നിക്ഷേപകരുടെ അക്കൗണ്ടിൽ തിരിമറി നടത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. മൂന്ന് മാസത്തിലേറെ നടത്തിയ അന്വേഷണങ്ങൾക്ക് ഒടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
10 ലക്ഷം രൂപ നിക്ഷേപിച്ചിരുന്ന ഒരു അക്കൗണ്ട് ഉടമ താൻ അറിയാതെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഫെബ്രുവരി 11ന് പരാതി നൽകിയതിനെ തുടർന്നാണ് വമ്പൻ തട്ടിപ്പ് സംബന്ധിച്ച വിവരങ്ങൾ പുറത്ത് വരുന്നത്. പരാതി ലഭിച്ചതിന് പിന്നാലെ വിജീഷ് കുടുംബ സമേതം ഒളിവിൽ പോയതോടെയാണ് തട്ടിപ്പിന് പിന്നിലെ ഇയാളുടെ പങ്ക് വ്യക്തമായത്. പൊലീസിന് പരാതി കൈമാറിയതിന് പിന്നാലെ ബാങ്ക് നടത്തിയ ഓഡിറ്റിംഗിൽ 8,13,64, 539 രൂപ തട്ടിയെടുക്കപ്പെട്ടതായി സ്ഥിരീകരിക്കാനായി. ദീർഘകാലത്തേയ്ക്കുളള സ്ഥിരം നിക്ഷേപങ്ങളിലെയും കാലാവധി പിന്നിട്ടിട്ടും പിൻവലിക്കാതിരുന്ന അക്കൗണ്ടുകളിലെയും പണമാണ് നഷ്ടപ്പെട്ടത്.
പണം പിൻവലിക്കുന്ന നടപടി പരിശോധിച്ച് അനുമതി നൽകേണ്ട ഉയർന്ന ജീവനക്കാരുടെ അസാന്നിധ്യത്തിൽ അവരുടെ കംപ്യൂട്ടറുകൾ ഉപയോഗപ്പെടുത്തിയാണ് വിജീഷ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
Adjust Story Font
16