അരവിന്ദ് കെജ്രിവാൾ കൊച്ചിയിൽ; കേരളത്തിൽ നാലാം മുന്നണി രൂപീകരിക്കാൻ ലക്ഷ്യമിട്ട് ആം ആദ്മി
നാളെ കിഴക്കമ്പലത്ത് നടക്കുന്ന പൊതുസമ്മേളനത്തിൽ കെജ്രിവാൾ പങ്കെടുക്കും
എറണാകുളം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ പുരോഗമിക്കവെ ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്‍ കൊച്ചിയിലെത്തി. കേരളത്തിലെ രാഷ്ട്രീയ സാധ്യതകൾ തേടിയാണ് കെജ്രിവാളിന്‍റെ സന്ദര്‍ശനം. നാളെ കിഴക്കമ്പലത്ത് ട്വന്റി- ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും സംയുക്തമായി നടത്തുന്ന പൊതുസമ്മേളനത്തില്‍ കെജ്രിവാള്‍ പങ്കെടുക്കും. ഇരുപാര്‍ട്ടികളും തമ്മിലുള്ള സഹകരണം ഈ പൊതുസമ്മേളനത്തില്‍ കെജ്രിവാള്‍ പ്രഖ്യാപിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് നാലാം മുന്നണി രൂപീകരിക്കാനും കേരളത്തിൽ ഭരണം പിടിക്കാനുമാണ് ആം ആദ്മി പാര്‍ട്ടി ലക്ഷ്യമിടുന്നത്.
തൃക്കാക്കരയില്‍ ജനവിധി തീരുമാനിക്കുന്നതില്‍ ട്വന്‍റി- ട്വന്‍റിയുടെ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. അതിനാല്‍ ട്വന്‍റി- ട്വന്‍റി ആരെ പിന്തുണക്കണമെന്നത് നിര്‍ണായകമാണ്. അതിനിടെ, ട്വന്‍റി- ട്വന്‍റിയുമായുള്ള ബന്ധം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്ന് ഭിന്നസ്വരങ്ങളാണ് ഉയരുന്നത്.
ട്വന്‍റി- ട്വന്‍റി വർഗീയ കക്ഷിയല്ലെന്നും അവരുമായി അഭിപ്രായ വ്യത്യാസമില്ലെന്നുമായിരുന്നു കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍റെ നിലപാട്. എന്നാല്‍, ട്വന്‍റി- ട്വന്‍റി നേതൃത്വവുമായി കോൺഗ്രസിന് ഒരു ബന്ധവുമില്ലെന്ന് ബെന്നി ബഹ്‌നാൻ എം.പി വ്യക്തമാക്കി. ട്വന്‍റി- ട്വന്‍റിയോട് പി.ടി.തോമസിനുണ്ടായിരുന്ന എതിർപ്പ് തുടരുന്നുവെന്നും നിലപാടുകളിൽ മാറ്റമില്ലെന്നും അദ്ദേഹം മീഡിയവൺ അഭിമുഖ പരിപാടിയായ എഡിറ്റോറിയലില്‍ പറഞ്ഞു. കഴിഞ്ഞതവണ ട്വന്‍റി- ട്വന്‍റിക്ക് വോട്ടുചെയ്തവർ ഇത്തവണ യു.ഡി.എഫിന് വോട്ടുചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16