Quantcast

എൻഎച്ച്എമ്മിന്റെ നാളത്തെ പരിശീലനം ബഹിഷ്കരിക്കാൻ ആശാ വർക്കർമാരുടെ ആഹ്വാനം

സമരം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആശമാർ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    16 March 2025 4:23 PM

Published:

16 March 2025 2:41 PM

ASHA workers call for boycott of NHM training tomorrow
X

തിരുവനന്തപുരം: നാഷണൽ ഹെൽത്ത് മിഷൻ നടത്തുന്ന നാളത്തെ പരിശീലനം ബഹിഷ്കരിക്കാൻ ആശാ വർക്കർമാരുടെ ആഹ്വാനം. കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷനാണ് ബഹിഷ്കരണത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. എൻഎച്ച്എം ഭരണകക്ഷിയുടെ ചട്ടുകമാകരുതെന്നും പാലിയേറ്റീവ് പരിശീലന പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

ആശമാർ നാളെ സെക്രട്ടേറിയറ്റ് ഉപരോധം നടത്താനിരിക്കെയാണ് സർക്കാർ പരിശീലനം നടത്താൻ തീരുമാനിച്ചത്. സമരം തകർക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ആശമാർ ആരോപിച്ചു. വേതന വർധന അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആശമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന രാപ്പകൽ സമരം 35 ദിവസം പിന്നിട്ടിരിക്കുകയാണ്.

ആശാ സമരം ഒത്തുതീർപ്പാക്കാൻ നടപടി സ്വീകരിക്കുന്നതിനു പകരം ഇത്തരമൊരു പരിശീലന പരിപാടി നടത്തുന്നത് സമരം അട്ടിമറിക്കാനാണെന്ന് സമരക്കാർ ആരോപിക്കുന്നു. യാതൊരു അടിയന്തര പ്രാധാന്യവുമില്ലാത്ത പരിശീലന പരിപാടി മുമ്പൊരിക്കലുമില്ലാത്തവിധം യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുന്നത് ആരോഗ്യവകുപ്പിന്റെ കൃത്യമായ ബോധ്യത്തോടെയാണെന്നും അവർ പറയുന്നു.

അതിനാൽ തന്നെ തങ്ങൾ ഈ പരിശീലന പരിപാടി പൂർണമായും ബഹിഷ്‌കരിക്കുമെന്നും ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ അറിയിച്ചു. ഈ നടപടി ആശാ സമരത്തെ പിന്തുണയ്ക്കുന്ന ജനങ്ങളോടുള്ള വെല്ലുവിളി കൂടിയാണെന്നും നാളത്തെ സെക്രട്ടേറിയറ്റ് ഉപരോധവുമായി മുന്നോട്ടുപോവുമെന്നും സമരക്കാർ അറിയിച്ചു.

ആശാ പ്രവർത്തകർക്കായി തിങ്കളാഴ്ച പാലിയേറ്റീവ് കെയർ ആക്ഷൻ പ്ലാൻ, പാലിയേറ്റീവ് കെയർ എന്നിവയിലാണ് പരിശീലന പരിപാടി നടത്തുന്നത്. ഇതു സംബന്ധിച്ച് ഇന്നലെയാണ് നാഷണൽ ഹെൽത്ത് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർമാർ ഉത്തരവിറക്കിയത്.

TAGS :

Next Story