ടി.പി.ആര്‍ കുറയ്ക്കാന്‍ ലക്ഷണമില്ലാത്തവരെ പരിശോധിക്കണം; വിവാദമായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ സന്ദേശം
തൃശ്ശൂർ വലപ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് ഷിനിദ ആഷിഖ് പഞ്ചായത്തിലെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സന്ദേശം അയച്ചത്.
കോവിഡ് ടെസ്റ്റ് ക്യാമ്പിൽ നെഗറ്റീവാകാൻ സാധ്യതയുള്ളവരെ മാത്രം പങ്കെടുപ്പിച്ചാൽ മതിയെന്ന് പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ഓഡിയോ സന്ദേശം. തൃശ്ശൂർ വലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്‍റേതാണ് വിവാദ നിർദേശം. പഞ്ചായത്തിലെ വാട്സാപ്പ് ഗ്രൂപ്പിലാണ് ഓഡിയോ സന്ദേശം അയച്ചത്.
നെഗറ്റീവ് റിസള്‍ട്ട് കൂട്ടുകയാണ് ലക്ഷ്യമെന്നും പഞ്ചായത്ത് പ്രസിഡന്‍റ് സന്ദേശത്തില്‍ പറയുന്നു. ഒരു വാര്‍ഡില്‍ നിന്ന് 20 പേരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കേണ്ടത്. ഇതില്‍ ലക്ഷണമുള്ളവരെ ഒഴിവാക്കി പരമാവധി നെഗറ്റീവാകാന്‍ സാധ്യതയുള്ളവരെ പങ്കെടുപ്പിക്കണമെന്നാണ് പ്രസിഡന്‍റിന്‍റെ സന്ദേശത്തിലുള്ളത്. ഓഡിയോ സംഭാഷണത്തിനെതിരെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
അതേസമയം, റാൻഡം ടെസ്റ്റിന്‍റെ ഭാഗമായി രോഗ ലക്ഷണമില്ലാത്തവർക്ക് കോവിഡ് ഉണ്ടോ എന്ന് അറിയുകയാണ് ലക്ഷ്യമെന്നാണ് പ്രസിഡന്റിന്‍റെ വിശദീകരണം. രോഗലക്ഷണമില്ലാതെ കോവിഡ് പടരുന്നുണ്ടോ എന്നാണ് ഈ ടെസ്റ്റിലൂടെ ലക്ഷ്യമിട്ടതെന്നും പ്രസിഡന്‍റ് ഷിനിദ ആഷിഖ് പറഞ്ഞു. തൃശ്ശൂരിൽ 30 ശതമാനത്തിലധികം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള ഏക പഞ്ചായത്താണ് വലപ്പാട്. ട്രിപ്പിള്‍ ലോക്ക്ഡൗണാണ് നിലവില്‍ പഞ്ചായത്തില്‍ നിലനില്‍ക്കുന്നത്.
Adjust Story Font
16