അട്ടപ്പാടി മധു വധക്കേസ്: കൂറുമാറിയ സാക്ഷി സുനിൽകുമാറിനെ പിരിച്ചുവിട്ടു
സുനിൽകുമാറിന്റെ കാഴ്ച പരിശോധന ജില്ലാ ആശുപത്രിയിൽ തുടരുകയാണ്...
മണ്ണാർക്കാട്: അട്ടപ്പാടി മധുവധക്കേസിൽ കൂറുമാറിയ സാക്ഷി സുനിൽകുമാറിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു.
സൈലന്റ് വാലി ഡിവിഷനിലെ ആനവായ് ഫോറസ്റ്റ് സ്‌റ്റേഷനിലെ താല്ക്കാലിക വാച്ചറാണ് സുനിൽകുമാർ. മൊഴി മാറ്റിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി.നേരത്തേ മറ്റ് മൂന്ന് വാച്ചർമാരെ കൂടി ജോലിയിൽ നിന്ന് പിരിച്ചു വിട്ടിരുന്നു.
ആദ്യ തവണ ഇത്തരത്തിൽ കേസിൽ മൊഴി മാറ്റിയതിന് പിരിച്ചു വിടൽ നടപടി ഉണ്ടായിരുന്നിട്ടും പിന്നീട് വീണ്ടും വാച്ചർമാർ മൊഴി മാറ്റിയത് ഇവർക്ക് മേലുള്ള സമ്മർദം വ്യക്തമാക്കുന്നതാണ്.
ജോലി നഷ്ടപ്പെടുമെന്ന് വ്യക്തമായിട്ടും കൂറ് മാറിയത് വലിയ തുക പണമായി ഇവർക്ക് ലഭിക്കുന്നതിന്റെ തെളിവാണെന്ന് പ്രോസിക്യൂഷനും കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തേ സുനിൽകുമാർ മധുവിനെ ആൾക്കൂട്ടം കള്ളനെന്നാരോപിച്ച് പിടിച്ചു കൊണ്ട് വരുന്നത് കണ്ടിരുന്നുവെന്ന് മൊഴി നൽകിയിരുന്നു. ഇന്ന് സാക്ഷി വിസ്താരത്തിനിടെ ഇത് മാറ്റിപ്പറഞ്ഞു.
ഇതോടെ പ്രോസിക്യൂഷൻ ഒരു ദൃശ്യം കോടതിയിൽ അവതരിപ്പിക്കണമെന്ന് ജഡ്ജിയോട് ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദർശിപ്പിച്ച ദൃശ്യങ്ങളിൽ സുനിൽകുമാർ സംഭവങ്ങളെല്ലാം നോക്കി നിൽക്കുന്നത് വ്യക്തമായിരുന്നു. എന്നാൽ ഇത് താനല്ലെന്നും തനിക്കൊന്നും കാണാനാവുന്നില്ലെന്നും സുനിൽകുമാർ കോടതിയെ അറിയിച്ചു. ഇതോടെയാണ് ഇയാളുടെ കാഴ്ച പരിശോധിക്കാൻ കോടതി ഉത്തരവിടുന്നത്. ഉടൻ തന്നെ കാഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകാനാണ് മണ്ണാർക്കാട് SC - ST കോടതിയുടെ നിർദേശം.
സുനിൽകുമാറിന്റെ കാഴ്ച പരിശോധന ജില്ലാ ആശുപത്രിയിൽ തുടരുകയാണ് .
Adjust Story Font
16