'അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം'; സിദ്ദീഖിനെതിരെ ഗുരുതര ആരോപണവുമായി പൊലീസ്
ബലാത്സംഗക്കേസിൽ സിദ്ദീഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ നടൻ സിദ്ദീഖിനെതിരെ ഗുരുതര ആരോപണവുമായി വീണ്ടും പൊലീസ്. അന്വേഷണസംഘത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമമെന്ന് റിമാൻഡ് റിപ്പോർട്ട്. അന്വേഷണത്തോട് സഹകരിക്കുന്നില്ല. കർശന ജാമ്യവ്യവസ്ഥകൾ വേണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. രാവിലെ അറസ്റ്റ് ചെയ്ത സിദ്ദീഖിന് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചു.
ഒരുലക്ഷം രൂപ കോടതിയിൽ കെട്ടിവെക്കണം. കോടതിയുടെ അനുവാദമില്ലാതെ കേരളം വിട്ടുപോകാൻ പാടില്ല. പാസ്പോർട്ട് ഹാജരാക്കണം. കേസുമായി ബന്ധപ്പെട്ട് പരാതിക്കാരിയെയോ പരാതിക്കാരിയുടെ ബന്ധുക്കളേയോ സമീപിക്കാൻ പാടില്ല. കേസിലെ തെളിവുകൾ നശിപ്പിക്കരുത്. അന്വേഷണസംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്നും കോടതി വ്യക്തമാക്കി. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വരും ദിവസങ്ങളിൽ സിദ്ദീഖിനെ വീണ്ടും ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും.
ബലാത്സംഗക്കേസിൽ ചോദ്യംചെയ്യലിനായി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായ സിദ്ദീഖിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെ കണ്‍ട്രോൾ റൂമിലാണ് രാവിലെ സിദ്ദീഖ് ഹാജരായത്. തുടർന്നാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. 2016ൽ മാസ്കത്ത് ഹോട്ടലിൽവെച്ച് സിദ്ദീഖ് ബലാത്സംഗം ചെയ്തെന്നാണ് നടിയുടെ പരാതി.
Adjust Story Font
16