ബാബു ഐസിയുവിൽ; ആരോഗ്യനില തൃപ്തികരമെന്ന് ഡി.എം.ഒ
ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും.
ചേറാട് മലയില്‍ നിന്നും എയര്‍ലിഫ്റ്റ് ചെയ്ത് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിച്ച ബാബുവിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ബാബുവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. നിരീക്ഷണത്തിന് വേണ്ടിയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്. ആരോഗ്യ നില പരിശോധിച്ച ശേഷം നാളെ ഡിസ്ചാര്‍ജ് ചെയ്യും.
ആർമിയും എൻ.ഡി.ആർ.എഫും സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഇന്നലെ രാത്രി ചേറാട് മലയിലെത്തിയ സൈന്യം രാവിലെ 9 മണിക്കാണ് രക്ഷാപ്രവർത്തനം ആരംഭിച്ചത്. തന്നെ രക്ഷപ്പെടുത്തിയ രക്ഷാപ്രവർത്തകരെ ചുംബിച്ചാണ് ബാബു സ്നേഹം പ്രകടിപ്പിച്ചത്.
തിങ്കളാഴ്ച ഉച്ചയോടെയാണ് ബാബുവും സുഹൃത്തുക്കളും ചോറോട് മലകയറിയത് . തിരിച്ചിറങ്ങുന്നതിനിടെ ബാബു മലയിടുക്കില്‍ കുടുങ്ങി. കുടുങ്ങിയ ബാബു തന്നെയാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നാട്ടുകാരും സന്നദ്ധപ്രവർത്തകരും ഫയർഫോഴ്സും രക്ഷപ്പെടുത്താന്‍ പലവിധ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഇന്ന് പുലർച്ചെ വരെ ബാബുവിന്‍റെ അടുത്തെത്താൻ കഴിഞ്ഞില്ല. ഇന്ന് രാവിലെ 9 മണിയോടെയാണ് വടം കെട്ടി ബാബുവിനടുത്തേക്ക് സൈനികർ ഇറങ്ങിയത്. ആദ്യം വെള്ളം നൽകിയ ശേഷം സുരക്ഷ സംവിധാനങ്ങൾ ഘടിപ്പിച്ച് മുകളിലെത്തിക്കുകയായിരുന്നു.
Adjust Story Font
16