Quantcast

വയനാട്ടിലെ ആദിവാസി ദമ്പതികളുടെ കുഞ്ഞിൻ്റെ മരണം ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമെന്ന് ആക്ഷേപം

മാര്‍ച്ച് 22 ന് പുലര്‍ച്ചെയാണ് കടുത്ത അനീമിയയും വിളര്‍ച്ചയും ന്യുമോണിയയും മൂലം കുഞ്ഞ് മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-03-31 04:18:27.0

Published:

31 March 2023 3:21 AM GMT

Wayanad, Baby death, Adivasi, ആദിവാസി, വയനാട്, കുഞ്ഞ്
X

വയനാട്: വെള്ളമുണ്ടയിൽ ആദിവാസി ദമ്പതികളുടെ കുഞ്ഞ് മരിച്ചതിന് പിന്നിൽ ആരോഗ്യ വകുപ്പിലെയും ഐ.സി.ഡി.എസിലേയും ഉദ്യോഗസ്ഥരുടെ ഗുരുതര അനാസ്ഥയെന്ന് ആക്ഷേപം. വെള്ളമുണ്ട കാരാട്ടുകുന്ന് കോളനിയിലെ ബിനീഷ്-ലീല ദമ്പതികളുടെ ആറ് മാസം പ്രായമുള്ള കുഞ്ഞാണ് കഴിഞ്ഞ ദിവസം മരിച്ചത്. സംഭവത്തിൽ അന്വേഷണമാരംഭിച്ചതായും വീഴ്ച വരുത്തിയവര്‍ക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡി.എം.ഒ അറിയിച്ചു.

മാര്‍ച്ച് 22 ന് പുലര്‍ച്ചെയാണ് കടുത്ത അനീമിയയും വിളര്‍ച്ചയും ന്യുമോണിയയും മൂലം കുഞ്ഞ് മരിച്ചത്. പ്രസവ ശേഷം കുഞ്ഞിനെ സന്ദര്‍ശിച്ച് പരിചരിക്കേണ്ട കാരക്കാമല സബ് സെന്റര്‍ ജീവനക്കാര്‍ക്കും ഐ.സി.ഡി.എസ് അംഗങ്ങള്‍ക്കും ഗുരുതര വീഴ്ച സംഭവിച്ചതായും ചിലര്‍ തെറ്റായ ഡാറ്റ സമർപ്പിച്ചതായും പ്രാഥമികാന്വേഷണത്തിൽ ബോധ്യമായതായാണ് വിവരം. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ഗുരുതരാവസ്ഥയില്‍ മാനന്തവാടി മെഡിക്കല്‍ കോളജിലെത്തിച്ച കുഞ്ഞിന് കുഴപ്പമൊന്നുമില്ലെന്നും ശിശുരോഗ വിദഗ്ധനെ കാണിച്ചാല്‍ മതിയെന്നും പറഞ്ഞ് മടക്കിയ ഡ്യൂട്ടി ഡോക്ടർക്കെതിരെയും ആക്ഷേപമുയരുന്നുണ്ട്. കടുത്ത അനീമിയയും വിളര്‍ച്ചയും ന്യുമോണിയയും മൂലമാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് എന്നിരിക്കെ ഡ്യൂട്ടി ഡോക്ടര്‍ 'ചെസ്റ്റ് ക്ലിയര്‍' എന്ന് പരിശോധനാ കുറിപ്പെഴുതി പറഞ്ഞുവിട്ടതിനെതിരെയാണ് ചോദ്യമുയരുന്നത്. കുഞ്ഞിൻ്റെ ചിത്രം കണ്ടാല്‍ പോലും ഗുരുതരാവസ്ഥ ബോധ്യപ്പെടുമെന്നിരിക്കെയാണ് ഡോക്ടറുടെ ഗുരുതര വീഴ്ച.

ഗുരുതര പിഴവ് വരുത്തിയവര്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പി ദിനീഷ് അറിയിച്ചു. 2022 ഒക്ടോബര്‍ 17 നാണ് പണിയ വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് കുഞ്ഞ് ജനിച്ചത്. കുടുംബം പലപ്പോഴും സ്ഥലത്തുണ്ടാകാറില്ലെന്ന വാദങ്ങള്‍ ഉയർത്തി ആരോഗ്യ പ്രവർത്തകർ പ്രതിരോധത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ കുഞ്ഞിനെ മരണത്തിലേക്ക് തള്ളിവിട്ടതാണെന്ന കാര്യത്തില്‍ അന്വേഷണം സംഘത്തിന് വ്യക്തത വന്നതായാണ് വിവരം.

TAGS :

Next Story