Quantcast

പെരിന്തൽമണ്ണ ട്രഷറിയിൽ നിന്ന് കാണാതായ ബാലറ്റ് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിൽ; എങ്ങനെ എത്തിയെന്ന് വ്യക്തതയില്ലെന്ന്‌ സബ് കലക്ടർ

'പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല, പോസ്റ്റൽ വോട്ടുകൾ സുരക്ഷിതം'

MediaOne Logo

Web Desk

  • Updated:

    2023-01-16 14:23:32.0

Published:

16 Jan 2023 2:14 PM GMT

Ballot box missing,perinthalmanna election
X

മലപ്പുറം: പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് കേസിൽ നിർണായകമായ ബാലറ്റ് വോട്ട് പെട്ടി സഹകരണ രജിസ്ട്രാർ ഓഫീസിലെത്തിയത് എങ്ങനെയാണെന്ന് വ്യക്തതയില്ലെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്. പെട്ടിയുടെ സീൽഡ് കവർ നശിച്ചിട്ടില്ല. പോസ്റ്റൽ വോട്ടുകൾ സുരക്ഷിതമാണ്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും സബ് കലക്ടർ ആവശ്യപ്പെട്ടു.

348 തപാൽ വോട്ടുകൾ അടങ്ങിയ മൂന്ന് പെട്ടികളും പെരിന്തൽമണ്ണ ട്രഷറിയിലാണ് സൂക്ഷിച്ചിരുന്നത്. ഹൈക്കോടതി സംരക്ഷണത്തിലേക്ക് ബാലറ്റ് വോട്ടുകൾ മാറ്റണമെന്ന ഉത്തരവ് നടപ്പാക്കാനായി സ്‌ട്രോംഗ് റൂം തുറന്നപ്പോഴാണ് ഒരു പെട്ടി കാണാനില്ലെന്ന് അറിയുന്നത്. പിന്നീട് ജില്ലാ സഹകരണ ജോയിന്റ് രജിസ്ട്രാറുടെ മലപ്പുറത്തെ ഓഫീസിൽ നിന്നാണ് പെട്ടി കണ്ടെത്തിയത്. മൂന്ന് പെട്ടികളിൽ നിന്ന് കാണാതായ ഒരു പെട്ടിയാണ് കണ്ടെത്തിയത്. സംഭവത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് തേടി. മലപ്പുറം കലക്ടറോടാണ് റിപ്പോർട്ട് തേടിയത്.

പെട്ടി കാണാനില്ലെന്ന് സ്ഥാനാർഥികളായ നജീബ് കാന്തപുരവും എൽ.ഡി.എഫ് സ്വതന്ത്ര്യ സ്ഥാനാർഥി കെ.പി.എം മുസ്തഫയും പരാതി നൽകുകയായിരുന്നു. 2 പെട്ടികൾ ട്രഷറിയിലുണ്ടെന്നും മൂന്നാമത്തെ പെട്ടി ട്രഷറിയുടെ സ്ട്രോങ് റൂമിലില്ല എന്നുമായിരുന്നു പരാതി.

38 വോട്ടുകൾക്കാണ് നജീബ് കാന്തപുരം പെരിന്തൽമണ്ണയിൽ വിജയിച്ചത്. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി അസാധുവാക്കിയ ബാലറ്റ് വോട്ടുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് മുസ്തഫ കോടതിയെ സമീപിച്ചത്. പെരിന്തൽമണ്ണ മണ്ഡലത്തിന്റെ ജയപരാജയം തിരുമാനിക്കുന്നതിൽ നിർണായകമാകും വിധി. നാളെ ഹൈക്കോടതി കേസ് പരിഗണിക്കാനിരിക്കെയാണ് സ്‌പെഷ്യൽ പോസ്റ്റൽ വോട്ടു പെട്ടിയുടെ തിരോധാനവും തെരച്ചിലിനൊടുവിലെ കണ്ടെത്തലും. സംഭവത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ സഹകരണ രജിസ്ട്രാർ ഓഫീസ് ഉപരോധിച്ചു.

TAGS :

Next Story