'വിധേയത്വം സംഘ്പരിവാറിനോടാകരുത്'; തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ ബാനർ
സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.
തിരുവനന്തപുരം: തിരുവനന്തപുരത്തും ഗവർണർക്ക് എതിരെ എസ്എഫ്ഐയുടെ ബാനർ. സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്. വിധേയത്വം സർവകലാശാലകളോടായിരക്കണമെന്നും സംഘ്പരിവാറിനോടാക്കരുതെന്നുമാണ് ബാനർ.
ഇന്ന് കാലിക്കറ്റ് സർവകലാശാലയിൽ എത്തുന്ന ഗവർണർക്കെതിരെ കടുത്ത പ്രതിഷേധ പരിപാടികളാണ് എസ്എഫ്ഐ സംഘടിപ്പിച്ചിരിക്കുന്നത്. വൈകീട്ട് മൂന്നരയ്ക്ക് ശ്രീനാരായണ 'ഗുരുനവോത്ഥാനത്തിന്റെ പ്രവാചകൻ' എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാറിലാണ് ഗവർണർ പങ്കെടുക്കുക. പ്രതിഷേധം കടുപ്പിക്കുമെന്ന എസ്എഫ്‌ഐ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്.
വിദ്യാർഥികൾ ഉൾപ്പെടെ ഉള്ളവർക്ക് പ്രധാന ഗേറ്റിലൂടെ പ്രവേശനം ഉണ്ടാകില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. ബാനറുകൾ പൊലീസിനെ ഉപയോഗിച്ച് ഇന്നലെ രാത്രി നീക്കിയതിന് പിന്നാലെ എസ്എഫ്‌ഐ പ്രവർത്തകർ വീണ്ടും ബാനർ ഉയർത്തിയതിനാൽ ഗവർണറുടെ തുടർ നീക്കവും ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാടകീയ രംഗങ്ങൾക്കാണ് കാലിക്കറ്റ് സർവകലാശാല കാമ്പസ് ഇന്നലെ സാക്ഷ്യം വഹിച്ചത്. ഗവർണർക്കെതിരെ എസ്.എഫ്.ഐ സ്ഥാപിച്ച ബാനറുകൾ ഗവർണർ തന്നെ നേരിട്ടെത്തി അഴിപ്പിച്ചു. ഗവർണർ അഴിപ്പിച്ച ബാനറുകൾക്ക് പകരം ബാനറുകളും പോസ്റ്ററുകളും പതിപ്പിച്ച എസ്.എഫ്.ഐ ഗവർണറുടെ കോലം കത്തിച്ചിരുന്നു.
Adjust Story Font
16