ബേലൂർ മഗ്‌ന കാട്ടിലേക്ക് മടങ്ങി; ആശങ്കയൊഴിയാതെ പ്രദേശവാസികൾ
ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങി
വയനാട്: വയനാട് പടമലയിൽ അജീഷിനെ കൊലപ്പെടുത്തിയ ബേലൂർ മഗ്‌ന എന്ന ആന ജനവാസ കേന്ദ്രത്തിലിറങ്ങിയ ശേഷം വീണ്ടും കാട്ടിലേക്ക് തിരികെപോയി. ആന പെരിക്കല്ലൂരിൽ നിന്ന് കർണാടക വനമേഖലയിലേക്ക് നീങ്ങി.പുഴ മുറിച്ചുകടന്ന് ബൈരക്കുപ്പ ഭാഗത്തേക്കാണ് ആന പോയത്.
ബേലൂർ മഗ്‌ന വലിയ ആശങ്കയാണ് മേഖലയിൽ ഉണ്ടാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു. ഇന്ന് പുലർച്ചെയാണ് മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരികല്ലൂർ മരക്കടവിൽ ആനയെത്തിയത്. പിന്നീട് തിരികെ കർണാടക വനാതിർത്തിയിലേക്ക് ആന മടങ്ങി എങ്കിലും തിരികെ വരുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. സ്ഥിരമായി വന്യമൃഗങ്ങളുടെ ശല്യം അനുഭവിക്കുന്ന പ്രദേശമാണ് ഇത്.കാട്ടിലേക്ക് കയറിപ്പോയാലും ആന വൈകുന്നേരത്തോടെ തിരികെ വരുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
അതേസമയം, രൂക്ഷമായ വന്യജീവി ആക്രമണ പശ്ചാത്തലത്തിൽ വയനാട്ടിൽ ഇന്ന് വിവിധ വകുപ്പ് മന്ത്രി മാരുടെ നേതൃത്വത്തിൽ സർവകക്ഷിയോഗം ചേരും.വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിക്കും.കേന്ദ്ര, സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് യുഡിഎഫ് ഇന്ന് പ്രതിഷേധിക്കും.
രാവിലെ പത്തിന് സുൽത്താൻബത്തേരി നഗരസഭ കോൺഫറൻസ് ഹാളിൽ ആണ് യോഗം. തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായും മന്ത്രിമാർ കൂടിക്കാഴ്ച നടത്തും. തുടർന്ന് വന്യജീവി ആക്രമണം നേരിട്ടവരുടെ കുടുംബാംഗങ്ങളെ മന്ത്രിതല സംഘം സന്ദർശിക്കും. വനം, റവന്യൂ, തദ്ദേശ വകുപ്പ് മന്ത്രിമാരാണ് യോഗത്തിന് നേതൃത്വം നൽകുന്നത്.
Adjust Story Font
16