ആലുവ-പെരുമ്പാവൂർ റോഡ് പുനർനിർമാണം: പണം അനുവദിച്ചത് 5 കിലോമീറ്ററിന് മാത്രം
അപകട മരണമുണ്ടായപ്പോൾ റോഡ് പൂർണമായി പുനർ നിർമ്മിക്കും എന്നായിരുന്നു അധികൃതർ നൽകിയ ഉറപ്പ്
എറണാകുളം: കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ച എറണാകുളം ആലുവ പെരുമ്പാവൂർ റോഡ് പുനർ നിർമ്മിക്കാൻ പണം അനുവദിച്ചത് അഞ്ച് കിലോമീറ്റർ ദൂരത്ത് മാത്രം. അപകട മരണമുണ്ടായപ്പോൾ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തെ തുടർന്ന് റോഡ് പൂർണമായി പുനർ നിർമ്മിക്കും എന്നായിരുന്നു അധികൃതരുടെ ഉറപ്പ്.
നാലുമാസങ്ങൾക്കു മുമ്പാണ് തകർന്നു കിടന്ന റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചത്. കുണ്ടും കുഴിയുമായി യാത്ര ദുസഹമായി കിടന്ന റോഡ് പുനർ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ സമരം നടത്തിയിരുന്നു.
17 കിലോമീറ്റർ ദൂരം വരുന്ന ആലുവ പെരുമ്പാവൂർ റോഡ് ബിഎംബിസി നിലവാരത്തിൽ പുനർനിർമ്മിക്കുമെന്നാണ് കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ ആലുവ എംഎൽഎ അൻവർ സാദത്തിന് രേഖാമൂലം ഉറപ്പു നൽകിയിരുന്നത്.
റോഡിന്റെ അഞ്ച് കിലോമീറ്റർ ഭാഗം മാത്രം പുനർനിർമിക്കാനാണ് പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞദിവസം പണമനുവദിച്ചത്. ആലുവ പെരുമ്പാവൂർ റോഡ് വീതി കൂട്ടി പുനർ നിർമ്മിക്കാൻ ആണ് കേരള റോഡ് ഫണ്ട് ബോർഡിന് സർക്കാർ റോഡ് കൈമാറിയത്. എന്നാൽ ഇതുവരെ ഇതിനാവശ്യമായ തുക അനുവദിക്കുകയോ ടെണ്ടർ നടപടികള് ആരംഭിക്കുകയോ ചെയ്തിട്ടില്ല.
Adjust Story Font
16