എളമരം കരീമിന്റെ പേരും രാഷ്ട്രീയവും സസ്‌പെൻഷന് കാരണമായെന്ന് ബിനോയ് വിശ്വം
സസ്‌പെൻഷന് വിധേയരായ രാജ്യസഭാ എംപിമാരുടെ സത്യഗ്രഹം പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ തുടരുകയാണ്
സിപിഎം എംപി എളമരം കരീമിന്റെ പേരും രാഷ്ട്രീയവും സസ്‌പെൻഷന് കാരണമായെന്ന് സിപിഐ എംപി ബിനോയ് വിശ്വം. പാർലമെൻറിൽ പ്രതിഷേധിച്ചതിന്റെ പേരിലുണ്ടായ സസ്‌പെൻഷൻ റദ്ദാക്കുന്നതിനായി നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നും ഹർജി നൽകുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളെ പാർലമെന്റിൽ വിലക്കിയ നടപടി തെറ്റാണെന്നും പറഞ്ഞു.
സസ്‌പെൻഷന് വിധേയരായ രാജ്യസഭാ എംപിമാരുടെ സത്യഗ്രഹം പാർലമെന്റിലെ ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ തുടരുകയാണ്. ബിജെപി സർക്കാരിനെതിരെ പുതിയ സമരമുഖം തുറന്നാണ് എംപിമാരുടെ സത്യാഗ്രഹം. 12 എംപിമാരിൽ ശിവസേന എംപി അനിൽ ദേശായി ഒഴികെ 11 പേരും സത്യാഗ്രഹത്തിൽ പങ്കെടുക്കുന്നുണ്ട്. നടപടി നേരിട്ട തൃണമൂൽ എംപിമാരായ ഡോളസെനും ശാന്ത ചേത്രിയും സമരത്തിൽ പങ്കുചേർന്നു. രാഹുൽ ഗാന്ധി സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. സമരം ചെയ്യുന്ന അംഗങ്ങൾക്ക് പ്രതിപക്ഷ എംപി മാർ ഐക്യദാർഢ്യവുമായെത്തി. എംപിമാരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടു നടത്തിയ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ സ്തംഭിച്ചിരുന്നു. എംപിമാരെ ഈ സമ്മേളന കാലത്ത് തിരിച്ചെടുക്കില്ലെന്ന നിലപാടിലാണ് ചെയർമാൻ.
സസ്‌പെൻഷൻ പിൻവലിച്ചു എംപിമാരെ തിരിച്ചെടുക്കണമെന്ന് രാജ്യസഭാ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം അംഗീകരിക്കില്ലെന്ന് ഉപരാഷ്ട്രപതി അറിയിച്ചതോടെ പ്രതിപക്ഷ ബഹളത്തിൽ സഭ പിരിഞ്ഞു. ഡാം സേഫ്റ്റി ബിൽ ചർച്ച ചെയ്യാനായില്ല. ഇത് വരെ ബിജെപിയോടെ ചേർന്നു നിന്നിരുന്ന തെലുങ്കാന രാഷ്ട്രസമിതിയുടെ പിന്തുണ നേടാൻ കഴിഞ്ഞതും തൃണമൂലിനെ സംയുക്ത പ്രതിപക്ഷ നിരയുടെ ഭാഗമാക്കാൻ കഴിഞ്ഞതും സത്യാഗ്രഹത്തിന്റെ ഒന്നാം ദിന നേട്ടമായി.
മാപ്പു പറഞ്ഞാൽ എംപിമാരെ തിരിച്ചെടുക്കാമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞിരുന്നു. എന്നാൽ മരിച്ച കർഷകരുടെ കണക്കെടുക്കാൻ പോലും മോദി സർക്കാരിന് അറിയില്ലെന്നും പൊതു മേഖല സ്ഥാപനങ്ങൾ വിൽക്കാനുള്ള കണക്ക് മോദി സർക്കാരിന് അറിയാമെന്നും മാപ്പ് പറയേണ്ടത് മോദി സർക്കാറാണെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ നിലപാട്.
Adjust Story Font
16