'റെയ്‌ഡിന് പിന്നിൽ ബിജെപി- സിപിഎം ഒത്തുകളി, എം.ബി രാജേഷിനെ കൊണ്ട് മറുപടി പറയിക്കും'- വി.ഡി സതീശൻ
കൊടകരക്കേസിന്റെ ജാള്യത മറക്കാനുള്ള തിരക്കഥയാണ് പാലക്കാട് നടന്നതെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കൂട്ടിച്ചേർത്തു.
പാലക്കാട്: ഹോട്ടൽ മുറി പരിശോധനയിൽ മന്ത്രി എം.ബി.രാജേഷിനെ കൊണ്ട് മറുപടി പറയിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോൺഗ്രസിന്റെ ആത്മാഭിനത്തെയാണ് വ്രണപ്പെടുത്തിയതെന്നും വീണിടത്ത് കിടന്ന് ഉരുളുകയാണ് സിപിഎം എന്നും സതീശൻ പറഞ്ഞു.
ദൃശ്യങ്ങൾ കണ്ടുവെന്നാണ് സിപിഐഎം ജില്ലാ സെക്രട്ടറി പറഞ്ഞത്. പൊലീസിന്റെ കയ്യിലിരിക്കുന്ന ദൃശ്യങ്ങൾ എങ്ങനെ സിപിഐഎം ജില്ലാ സെക്രട്ടറി കണ്ടു. അദ്ദേഹമാണോ പാലക്കാട് എസ്‌പി എന്നും വിഡി സതീശൻ ചോദിച്ചു.
'വരുന്ന ട്രോളി ബാഗിൽ മുഴുവൻ പണമാണെന്ന് അറിയാൻ ദിവ്യദൃഷ്‌ടി ഉണ്ടോ? ഇന്നലത്തെ പാതിരാ നാടകം കഴിഞ്ഞ് പുതിയൊരു കഥ ഉണ്ടാക്കിയിരിക്കുകയാണ് സിപിഎം. ദിവ്യക്കെതിരായ കേസിൽ നവീൻ ബാബു മരിച്ചതിന് ശേഷം ഒരു വ്യാജപരാതി ഉണ്ടാക്കിയില്ലേ... അതുപോലെയാണ് ഈ നീല ട്രോളി. രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട് താമസിച്ച ഹോട്ടലിലും ഉണ്ടാകും ഈ നീല ട്രോളി. അവിടെ ആർക്ക് കൊണ്ടുപോയതാണ്. മന്ത്രിയും മന്ത്രിയുടെ അളിയനും കൂടിയുണ്ടാക്കിയ ഗൂഢാലോചനയാണ് ഇതെല്ലാം. ഇങ്ങനെയൊരു ട്രോളി കൊണ്ടുപോയെങ്കിലും എന്തിനാണ് വനിതാ നേതാക്കളുടെ മുറി തിരഞ്ഞെടുത്തത് കയറിയത്.'- വി.ഡി സതീശൻ പറഞ്ഞു.
റെയ്‌ഡിന് പിന്നിൽ ബിജെപി- സിപിഎം ഒത്തുകളിയാണെന്നും വി.ഡി സതീശൻ ആരോപിച്ചു. കൊടകരക്കേസിന്റെ ജാള്യത മറക്കാനുള്ള തിരക്കഥയാണ് പാലക്കാട് നടന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
'ബിജെപിയെ വിജയിപ്പിക്കാനാണ് സിപിഎം പാർട്ടിക്കാരനല്ലാത്ത ഒരാളെ നിർത്തിയത്. പൊലീസും സർക്കാരും അപഹാസ്യരായി. ഇടതുപക്ഷത്തിനു തോൽവി മുന്നിൽ കണ്ടുള്ള ഭയമാണ്. പാലക്കാട്ടും വയനാടും മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്. കൊടകര കുഴൽപ്പണ കേസിൽ സർക്കാർ ഒന്നും ചെയ്‌തില്ല. അവരുടെ തന്നെ അടിയുടെ ഭാഗമായാണ് ഇപ്പോൾ വിവരങ്ങൾ പുറത്തുവന്നത്. അല്ലാതെ സർക്കാരോ പൊലീസോ അന്വേഷിച്ചിട്ടല്ല. ഈ ജാള്യം മറക്കാനാണ് പാലക്കാട് റെയ്‌ഡ് നാടകം'- വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16