കേരളത്തില്‍ താമര വിരിഞ്ഞില്ല; ഉള്ള സീറ്റും കൈവിട്ട് ബി.ജെ.പി
സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
കേരളത്തില്‍ ഒരു സീറ്റ് പോലും വിജയിക്കാനാവാതെ ബി.ജെ.പി. 2016-ല്‍ വിജയിച്ച നേമത്തിന് പുറമെ നിരവധി സീറ്റുകളില്‍ ഇത്തവണ വിജയിക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്കുക്കൂട്ടല്‍. എന്നാല്‍ നേമത്ത് പോലും വിജയിക്കാനാകാതെ ബി.ജെ.പി. ദയനീയമായി പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടത്.
നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട്ട് ഇ. ശ്രീധരനും തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനറൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. ഒരുഘട്ടത്തില്‍ ഇ. ശ്രീധരന്‍ വിജയത്തിലേക്ക് അടുക്കുമെന്ന് തോന്നിയെങ്കിലും അവസാനഘട്ടത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍ ജയിച്ചുകയറി. നേമവും പാലക്കാടും ഒഴികെ മഞ്ചേശ്വരത്തും തൃശ്ശൂരുമാണ് ബി.ജെ.പിക്ക് അല്പമെങ്കിലും ആശ്വാസകരമായ മത്സരമുണ്ടായത്. തൃശ്ശൂരില്‍ സുരേഷ് ഗോപി ഏതാനും മണിക്കൂറുകള്‍ മുന്നിട്ടുനിന്നെങ്കിലും പിന്നീട് പിന്നില്‍പ്പോയി. ഇത്തവണ ആകെ മൂന്ന് സീറ്റുകളില്‍ മാത്രമാണ് എന്‍.ഡി.എയ്ക്കും ബി.ജെ.പിക്കും മുന്നിട്ടുനില്‍ക്കാനായത്. എന്നാല്‍ അവസാനഘട്ടത്തില്‍ ബി.ജെ.പിയുടെ എല്ലാ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. സര്‍വസന്നാഹങ്ങളുമായി തിരഞ്ഞെടുപ്പ് പ്രചാരണം നയിച്ചിട്ടും കേരളത്തില്‍ ഒരു സീറ്റ് പോലും നേടാനായില്ലെന്നത് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന് കനത്ത തിരിച്ചടിയാണ്.
Adjust Story Font
16