വനിതാ നേതാക്കളെ അപമാനിച്ചു; ഡിആർ അനിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബിജെപി
സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ സിപിഎം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു
തിരുവനന്തപുരം: സ്ത്രീവിരുദ്ധ പരാമർശത്തിൽ മരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഡിആർ അനിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് ബിജെപി. തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രന്റെ രാജിയാവശ്യപ്പെട്ട് കൗൺസിലിൽ പ്രതിഷേധിച്ച ബിജെപി വനിതാ കൗൺസിലർമാർക്കെതിരെ ഡിആർ അനിൽ നടത്തിയ പരാമർശത്തിനെതിരെയാണ് ബിജെപി രംഗത്തെത്തിയിരിക്കുന്നത്. സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിൽ സിപിഎം മറുപടി പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു.
മേയറുടെ ഡയസിന് സമീപം കിടന്നു പ്രതിഷേധിച്ച ഒൻപത് ബിജെപി കൗൺസിലർമാരെ കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ പ്രതിഷേധക്കാർ ഉദ്യോഗസ്ഥരിൽ നിന്ന് ബുക്ക് വാങ്ങി ഹാജർ രേഖപ്പെടുത്തുകയായിരുന്നു. ഇതിനെതിരെ മൈക്കിലൂടെയാണ് ഡിആർ അനിലിന്റെ പരാമർശമുണ്ടായത്. കടുത്ത പ്രതിഷേധമാണ് ഇതിനെതിരെ ഉയർന്നത്.
കൗൺസിൽ ഹാളിൽ ബി.ജെ.പി. കൗൺസിലർമാർ 24 മണിക്കൂർ സത്യാഗ്രഹം നടത്തി. വനിതാ നേതാക്കളെ അപമാനിച്ച ഡിആർ അനിലിനെ സസ്‌പെൻഡ് ചെയ്യണമെന്നും ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യണമെന്നുമായിരുന്നു ആവശ്യം. നടപടി ആവശ്യപ്പെട്ട് മേയർ ആര്യ രാജേന്ദ്രന് ബിജെപി പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുന്നത്.
Adjust Story Font
16