Quantcast

പാലക്കാട് തകർന്നടിഞ്ഞ് ബിജെപി; ഉത്തരവാദിത്തം ഏൽക്കുന്നുവെന്ന് ജില്ലാ നേതൃത്വം

സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നും കെ.എം ഹരിദാസ്

MediaOne Logo

Web Desk

  • Published:

    23 Nov 2024 11:59 AM GMT

BJPs loss in Palakkad, KM Haridas reacts,
X

പാലക്കാട്: പാലക്കാട്ടെ തോൽവിയുടെ ഉത്തരവാദിത്തം ബിജെപി ജില്ലാ നേതൃത്വം ഏറ്റെടുക്കുന്നതായി പ്രസിഡന്റ് കെ.എം ഹരിദാസ്. സ്ഥാനാർഥി നിർണയത്തിൽ പ്രശ്‌നമുണ്ടായിട്ടില്ലെന്നും തോൽവിയുടെ കാരണം പരിശോധിക്കുമെന്നുമാണ് ഹരിദാസിന്റെ പ്രതികരണം.

യുഡിഎഫ് തരംഗത്തിൽ പാലക്കാട് ബിജെപി തകർന്നടിഞ്ഞ കാഴ്ചയാണ് കണ്ടത്.. ഇ ശ്രീധരൻ നേടിയ 50,220 വോട്ടിൽ നിന്ന് 10,680 വോട്ട് കുറവാണ് സി കൃഷ്ണകുമാർ നേടിയത്. 2016ൽ ശോഭാ സുരേന്ദ്രൻ നേടിയ 40,076ലും താഴെയായി ഇത്തവണത്തെ 39,549. സി കൃഷ്ണകുമാർ ഏഴ് മാസം മുമ്പ് ലോക്‌സഭയിലേക്ക് നേടിയ വോട്ടിനും താഴെയാണ് നിലവിൽ ഉപതെരഞ്ഞെടുപ്പിലെ വോട്ടുനില. ഈ കനത്ത തിരിച്ചടി കൃഷ്ണദാസിന്റെ നേതൃത്വത്തിലുള്ള പാർട്ടി പ്രവർത്തനത്തെ ചോദ്യം ചെയ്യുന്നതിനിടെയാണ് തോൽവിയുടെ ഉത്തരവാദിത്തമേറ്റെടുത്ത് കൃഷ്ണദാസ് തന്നെ രംഗത്തെത്തിയത്.

സ്ഥാനാർഥി നിർണയം തൊട്ടേ ഉണ്ടായിരുന്ന വിഭാഗീയതയും ബിജെപിക്ക് കാര്യമായ തിരിച്ചടി സൃഷ്ടിച്ചെന്നാണ് വിലയിരുത്തൽ. കൃഷ്ണകുമാറിനെ സ്ഥാനാർഥിയാക്കിയതുമായി ബന്ധപ്പെട്ട് വലിയ സംഘർഷങ്ങൾ പാർട്ടിയ്ക്കകത്ത് ഉണ്ടായിരുന്നു. ശോഭാ സുരേന്ദ്രൻ നിന്നിരുന്നെങ്കിൽ തീർച്ചയായും വിജയിക്കുമായിരുന്ന മണ്ഡലമായിരുന്നു പാലക്കാടെന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം.

ഈ വാദപ്രതിവാദങ്ങൾക്കിടെയാണ് സന്ദീപ് വാര്യർ പാർട്ടി വിടുന്നത്. ബിജെപിയുടെ പ്രചാരണം ഇതോടെ ആകെ കലങ്ങി മറിഞ്ഞു എന്ന് തന്നെ പറയാം. സുരേന്ദ്രനെതിരെയും കൃഷ്ണകുമാറിനെതിരെയുമൊക്കെയുള്ള സന്ദീപിന്റെ ആരോപണങ്ങൾ പാർട്ടിക്കുള്ളിലും ആശയക്കുഴപ്പമുണ്ടാക്കി. സന്ദീപിനെ സ്വാഗതം ചെയ്ത് സിപിഎമ്മും സിപിഐയും രംഗത്ത് വന്നെങ്കിലും തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സന്ദീപ് കോൺഗ്രസിലേക്ക് ചേക്കേറി. അവിടെയും സുരേന്ദ്രനെതിരെ ആഞ്ഞടിക്കുകയാണ് സന്ദീപ് ചെയ്തത്. ബിജെപി രാഷ്ട്രീയത്തെയും പ്രത്യയശാസ്ത്രത്തെയും തള്ളിപ്പറഞ്ഞ സന്ദീപിന്റെ നീക്കങ്ങൾ കോൺഗ്രസിന് ഗുണമായി.

ബിജെപിയുടെ ശക്തികേന്ദ്രമായ നഗരസഭാ മേഖലയിൽ രാഹുലിന് വോട്ട് പിടിക്കാനായതാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ഈ മേഖലയിൽ ഷാഫി നേടിയതിനേക്കാൾ വോട്ട് രാഹുൽ പിടിച്ചു. ഇവിടെ പോളിങ് കുറഞ്ഞതും ബിജെപിക്ക് തലവേദനയായി.

TAGS :

Next Story