'ബ്ലഡി ഫൂൾസ്, ക്രിമിനൽസ്..'; കാറിൽനിന്ന് ചാടിയിറങ്ങി പൊട്ടിത്തെറിച്ച് ഗവർണർ
വൈകീട്ട് ഡൽഹിയിലേക്കു പോകാനായി രാജ്ഭവനിൽനിന്നു പുറപ്പെട്ട ഗവർണർക്കുനേരെ എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളുമായി പ്രതിഷേധിക്കുകയായിരുന്നു
തിരുവനന്തപുരം: നാടകീയരംഗങ്ങൾക്കാണ് ഇന്നു വൈകീട്ട് തലസ്ഥാനനഗരി സാക്ഷിയായത്. വൈകീട്ട് രാജ്ഭവനിൽനിന്നു പുറത്തിറങ്ങിയ ഗവർണറെ കരിങ്കൊടി കാണിച്ചാണ് എസ്.എഫ്.ഐ പ്രവർത്തകർ നേരിട്ടത്. എന്നാൽ, അതിലും അസാധാരണമായിരുന്നു ഗവർണറുടെ പ്രതികരണം. കാർ നിർത്തിച്ച് അദ്ദേഹം പുറത്തേക്ക് ചാടിയിറങ്ങി സമരക്കാർക്കുനേരെ തിരിഞ്ഞു. രൂക്ഷമായ ഭാഷയിലാണ് പ്രതിഷേധക്കാർക്കെതിരെ അദ്ദേഹം സംസാരിച്ചത്. മുഖ്യമന്ത്രിക്കെതിരെയും ആരോപണമുന്നയിക്കാൻ ഗവർണർ മറന്നില്ല.
'ബ്ലഡി ഫൂൾസ്.. ക്രിമിനിൽസ്... കം.. കം ഹിയർ' എന്നു പറഞ്ഞാണ് ഗവർണർ വാഹനത്തിൽനിന്ന് ഇറങ്ങിയത്. അപ്പോഴേക്കും പ്രതിഷേധക്കാരെ പൊലീസ് പരിസരത്തുനിന്നു മാറ്റി. ക്ഷുഭിതനായ ഗവർണർ പൊലീസിനുനേരെയും തിരിഞ്ഞു. തന്റെ സുരക്ഷ നോക്കേണ്ട ഉദ്യോഗസ്ഥർ എവിടെയെന്നു ചോദിച്ചു. നിങ്ങളാണ് ഇതിനൊക്കെ വഴിയുണ്ടാക്കിയതെന്ന് അദ്ദേഹം കയർത്തു.
അപ്പോഴും പശ്ചാത്തലത്തിൽ എസ്.എഫ്.ഐ പ്രവർത്തകർ മുദ്രാവാക്യം വിളികൾ തുടർന്നു. ആർ.എസ്.എസ് ഗവർണർ ഗോ ബാക്ക് എന്നു വിളിച്ചാണ് സമരക്കാർ പ്രതിഷേധം തുടർന്നത്. ഗവർണറെ പൊതുനിരത്തിൽ തടയുന്ന തരത്തിലുള്ള പ്രതിഷേധത്തിലേക്കു കടക്കുമെന്ന് എസ്.എഫ്.ഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ വൈകീട്ട് രണ്ടിടങ്ങളിൽ പൊതുപരിപാടിക്കിടെ ഗവർണർക്കെതിരെ കരിങ്കൊടി പ്രയോഗമുണ്ടായി. ഇതിന്റെ തുടർച്ചയായാണ് ഇന്നും പ്രതിഷേധം തുടരുന്നത്.
വൈകീട്ട് കേരള യൂനിവേഴ്‌സിറ്റിക്കു മുൻപിലായിരുന്നു ആദ്യത്തെ പ്രതിഷേധം. 6.50ഓടെയാണ് ഗവർണർ ഡൽഹിയിലേക്കു പോകാനായി രാജ്ഭവനിൽനിന്നു പുറപ്പെട്ടത്. വലിയ സുരക്ഷാസന്നാഹത്തിലായിരുന്നു ഗവർണറുടെ യാത്ര. എന്നാൽ, കേരള യൂനിവേഴ്‌സിറ്റിക്ക് സമീപം 20ഓളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ കരിങ്കൊടികളും പ്ലക്കാർഡുകളുമായി ചാടിയിറങ്ങുകയായിരുന്നു. വാഹനത്തെ പിന്തുടർന്നും പ്രതിഷേധം തുടർന്നു. ഇവരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
Summary: 'Bloody fools, criminals..'; The Kerala governor Arif Mohammed Khan jumps out of his car and get angry at the SFI protest
Adjust Story Font
16