കനത്ത മഴ; തിരുവല്ലയിൽ 80കാരന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ ചുമന്ന് കരക്കെത്തിച്ചു
വർഷത്തിൽ ആറുമാസത്തിലധികം തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ
പത്തനംതിട്ട: കനത്ത മഴയെ തുടർന്ന് പത്തനംതിട്ട തിരുവല്ലയിൽ 80കാരന്റെ മൃതദേഹം വെള്ളക്കെട്ടിലൂടെ ചുമന്ന് കരക്കെത്തിച്ചു. അപ്പർ കുട്ടനാടൻ മേഖലയിൽ ഉൾപ്പെടുന്ന വേങ്ങൽ ചാലക്കുഴി സ്വദേശി ജോസഫ് മാർക്കോസിന്റെ മൃതദേഹമാണ് ബന്ധുക്കളും സമീപവാസികളും ചേർന്ന് വെള്ളത്തിലൂടെ ചുമന്ന് കരയ്‌ക്കെത്തിച്ചത്.
കഴിഞ്ഞ രണ്ടു ദിവസമായി പെയ്ത കനത്ത മഴയെ തുടർന്നാണ് 300 മീറ്ററോളമുള്ള റോഡ് വെള്ളത്തിനടിയിലായത്. ഇതോടെ വെള്ളിയാഴ്ച ഉച്ചയോടെ തെങ്ങിൻ തടിയും ഇരുമ്പ് പാളിയും ഉപയോഗിച്ച് 150 മീറ്ററോളം നീളത്തിൽ താൽക്കാലിക പാലം നിർമ്മിച്ചു. വെള്ളിയാഴ്ച പകലും രാത്രിയുമായി പെയ്ത ശക്തമായ മഴയിൽ താൽക്കാലികമായി നിർമ്മിച്ച പാലവും വെള്ളത്തിന് അടിയിലായി.
അന്ത്യ ശുശ്രൂഷകൾക്കായി ശനിയാഴ്ച രാവിലെ 9 മണിയോടെ വെള്ളക്കെട്ട് താണ്ടി വീട്ടിലെത്തിച്ച മൃതദേഹം 11 മണിയോടെ പെരുന്തുരുത്തി സെന്റ് പീറ്റേഴ്‌സ് സി.എസ്.ഐ പള്ളിയിലെ സംസ്‌കാര ചടങ്ങുകൾക്കായി വീണ്ടും വെള്ളക്കെട്ടിലൂടെ തന്നെ കരയ്ക്ക് എത്തിച്ചു.
അഞ്ച് കുടുംബങ്ങളാണ് തുരുത്തിൽ താമസിക്കുന്നത്. വർഷത്തിൽ ആറുമാസത്തിലധികവും തങ്ങൾ വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. മഴക്കാലത്ത് റോഡ് വെള്ളത്തിൽ മുങ്ങുന്നതോടെ രോഗബാധിതരാവുന്ന പ്രായാധിക്യമേറിയവരെ കസേരയിൽ ഇരുത്തി വെള്ളക്കെട്ട് നീന്തി കടന്നാണ് ആശുപത്രിയിൽ എത്തിക്കുന്നതെന്ന് തുരുത്തിലെ താമസക്കാർ പറഞ്ഞു. റോഡ് ഉയർത്തി നിർമ്മിക്കുവാനുള്ള നടപടി അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നും ഇവർ ആവശ്യപ്പെട്ടു.
Adjust Story Font
16