Quantcast

ലേ ലഡാക്കിൽ 56 വർഷം മുമ്പ് വിമാനാപകടത്തിൽ മരിച്ച മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മഞ്ഞുമലയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്.

MediaOne Logo

Web Desk

  • Published:

    30 Sep 2024 6:34 PM GMT

Body of a Malayali soldier who died plane crash 56 years ago was found
X

പത്തനംതിട്ട: അഞ്ച് പതിറ്റാണ്ടുകൾക്ക് മുമ്പ് ലേ ലഡാക്കിൽ നടന്ന വിമാനാപകടത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട ഇലന്തൂർ ഒടാലിൽ ഒ.എം തോമസിന്റെ മകൻ തോമസ് ചെറിയാന്റെ ഭൗതിക ശരീരമാണ് 56 വർഷങ്ങൾക്ക് ശേഷം കണ്ടെത്തിയത്.

ആകെ നാല് മൃതദേഹമാണ് കണ്ടെടുത്തത്. ഇതിൽ മൂന്ന് പേരെയാണ് തിരിച്ചറിഞ്ഞത്. മഞ്ഞുമലയിൽ നിന്നാണ് ശരീരഭാഗങ്ങൾ കിട്ടിയത്. മൃതദേഹത്തിൽനിന്നും ലഭിച്ച രേഖകളിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. മൽകാൻ സിങ്, നാരായൺ സിങ് എന്നിവരുടേതാണ് തിരിച്ചറിഞ്ഞ മറ്റ് രണ്ടു മൃതദേഹങ്ങൾ.

മൃതദേഹം ബന്ധുക്കൾ സ്വീകരിക്കാൻ തയാറാണോ എന്നറിയാൻ ആറന്മുള പൊലീസുമായി സൈനികർ ബന്ധപ്പെടുകയായിരുന്നു. പൊലീസ് ബന്ധുക്കളെ കണ്ടെത്തുകയും മൃതദേഹം സ്വീകരിക്കാൻ തയാറാണെന്ന് അവർ അറിയിക്കുകയും ചെയ്തു.

1968ലായിരുന്നു വിമാനാപകടം. അന്ന് 22 വയസായിരുന്നു തോമസ് ചെറിയാന്റെ പ്രായം. 102 പേരുമായി ചണ്ഡീഗഢിൽനിന്ന് ലേ ലഡാക്കിലേക്ക് പോയ സൈനികവിമാനം രോഹ്താങ് പാസിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്.

തോമസ് ചെറിയാൻ പരിശീലനം പൂർത്തിയാക്കി പോവുമ്പോഴായിരുന്നു അപകടമുണ്ടാവുന്നത്. 2003ൽ വിമാനത്തിന്റെ അവശിഷ്ടങ്ങളും 2019ൽ അഞ്ച് പേരുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. ഇതിനു ശേഷം അഞ്ച് വർഷത്തിനു ശേഷമാണ് നാലു പേരുടെ കൂടി മൃതദേഹം കിട്ടുന്നത്.

56 വർഷം കൊണ്ട് ആകെ ലഭിച്ചത് ഒമ്പത് മൃതദേഹങ്ങളാണ്. ഇന്ത്യൻ സൈന്യത്തിന്റെ ചരിത്രത്തിൽ ഇത്രയും ദൈർഘ്യമേറിയ തിരച്ചിൽ ഇതാദ്യമായാണ്.

TAGS :

Next Story