അതിർത്തി തർക്കം: പത്തനംതിട്ടയിൽ ക്യാൻസർ രോഗിയായ അമ്മയെയും മകളെയും അയൽവാസികൾ സംഘം ചേർന്ന് മർദിച്ചു
പന്നിവേലിച്ചിറ ഓന്തേക്കാട് സ്വദേശിയായ രമണിക്കും മകൾ സൗമ്യക്കും നേരെയാണ് ആക്രമണമുണ്ടായത്
പത്തനംതിട്ട: പത്തനംതിട്ട ആറന്മുളയിൽ ക്യാൻസർ രോഗിയായ അമ്മയെയും മകളെയും അയൽവാസികൾ ചേർന്ന് മർദിച്ചതായി പരാതി. പന്നിവേലിച്ചിറ ഓന്തേക്കാട് സ്വദേശിയായ രമണിക്കും മകൾ സൗമ്യക്കും നേരെയാണ് ആക്രമണമുണ്ടായത്. മർദനത്തിൽ പരിക്കേറ്റ അമ്മയും മകളും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
രമണിയുടെ കുടുംബവും അയൽവാസികളും തമ്മിൽ വർഷങ്ങളായി തുടരുന്ന അതിർത്തി തർക്കത്തെ ചൊല്ലിയാണ് അതിക്രമം നടന്നത്. അയൽവാസിയായ ഓമനയും ബന്ധുക്കളുമടങ്ങുന്നവർ സംഘം ചേർന്ന് ക്യാൻസർ രോഗിയായ രമണിയുടെ വീട്ടിലെത്തി മർദിച്ചതായാണ് പരാതി. രോഗിയായിരുന്ന ഓമനയുടെ ഭർത്താവ് മരിക്കാനിടയായത് രമണി മന്ത്രവാദം നടത്തിയത് മൂലമാണെന്ന് ആരോപിച്ചും മർദിച്ചുവെന്ന് പരാതിക്കാർ പറഞ്ഞു.
തിങ്കളാഴ്ച രാത്രി നടന്ന സംഘം ചേർന്നുള്ള ആക്രമണത്തിനിടെ രമണി വീട്ടിലെ വീട്ടിലെ അരിവാളെടുത്ത് വീശി. ഇതിനിടെ അക്രമി സംഘത്തിലുൾപ്പെട്ട ഓമനയുടെ കൈക്ക് മുറിവേറ്റു. ഇതോടെ പ്രദേശവാസികള് ചേർന്നാണ് ഇരുകൂട്ടരെയും പിന്തിരിപ്പിച്ചത് . മർദനത്തിൽ പരിക്കേറ്റ രമണിയും സൌമ്യയയും പത്തനംതിട്ട ജനറൽ ആശുപത്രിയിലും ഓമന കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സ തേടിയിരിക്കുകയാണ്. ഇരു സംഭവങ്ങളിലും കേസ് രജിസ്റ്റർ ചെയ്തതായി ആറന്മുള പൊലീസ് പറഞ്ഞു.
Adjust Story Font
16