ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്
നാളെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അഗ്‌നിരക്ഷാസേന
എറണാകുളം: ബ്രഹ്മപുരം തീപിടിത്തത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് കത്തയച്ചത്. തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ വിഷപ്പുക നിറഞ്ഞ സാഹചര്യത്തിലാണ് കത്ത്.
അതേസമയം, ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ കെട്ടുതുടങ്ങി. നാളെ തീ പൂർണമായും അണയ്ക്കാൻ കഴിയുമെന്നാണ് വിശ്വാസിക്കുന്നതെന്ന് അഗ്‌നിരക്ഷാസേന അറിയിച്ചു. മണ്ണുമാന്തിയുടെ സഹായത്തോടെയാണ് മാലിന്യ കൂനകൾക്കിടയിലെ തീ കെടുത്തുന്നത്. തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി കോർപറേഷന് വൻതുക പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോർഡ് രംഗത്തെത്തി. 1.8 കോടിയാണ് പിഴ ചുമത്തിയത്. മാലിന്യ നിർമാർജനത്തിനുള്ള നിയമങ്ങൾ ലംഘിച്ചെന്നാണ് ബോർഡിന്റെ കണ്ടെത്തൽ.
കാരണം വ്യക്തമാക്കാൻ കോർപ്പറേഷന് നിർദേശം നൽകി. തീ പൂർണമായും അണച്ചതിന് ശേഷം കമ്മിറ്റി രൂപീകരിച്ച് മറ്റ് നാശനഷ്ടങ്ങൾ തിട്ടപ്പെടുത്തുമെന്നും അതിനു തുടർനടപടിയുണ്ടാകുമെന്നും മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചത് മൂലം വൻ പാരിസ്ഥിതിക ആഘാതമാണ് നഗരത്തിലുണ്ടായതെന്ന് ബോർഡ് വിലയിരുത്തി. ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ സമീപപ്രദേശങ്ങളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Adjust Story Font
16