ഫോർട്ട് കൊച്ചി പാപ്പാഞ്ഞിയെ കത്തിക്കൽ; പൊലീസ് വിലക്കിനെതിരായ ഹരജി ഇന്ന് വീണ്ടും പരിഗണിക്കും
പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഇന്ന് ഹാജരാക്കാനാണ് കോടതിയുടെ നിർദേശം
എറണാകുളം: ഫോർട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ കത്തിക്കുന്നതിലെ പൊലീസ് വിലക്കിനെതിരായ സംഘാടകരുടെ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എന്ത് അടിസ്ഥാനത്തിലാണ് വിലക്കേർപ്പെടുത്തിയതെന്ന് ഹൈക്കോടതി പൊലീസിനോട് ചോദിച്ചിരുന്നു. പൊലീസ് നടപടിക്ക് ആധാരമായ രേഖകൾ ഇന്ന് ഹാജരാക്കാനാണ് കോടതിയുടെ നിർദേശം. പാപ്പാഞ്ഞിയെ കത്തിക്കാൻ ലഭിച്ച മറ്റു വകുപ്പുകളുടെ അനുമതി സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ഹരജിക്കാരോടും ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.
കൊച്ചി കാർണിവലിൻറെ ഭാഗമായി സുരക്ഷ ഒരുക്കുന്നത് ചൂണ്ടിക്കാട്ടിയാണ് പൊലീസ് നോട്ടീസ് നൽകിയത്. കൊച്ചിക്കാരുടെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളിൽ പ്രധാനമാണ് പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങ്. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലാണ് കാർണിവലിനോട് അനുബന്ധിച്ച് ലോകപ്രശസ്തമായ ഈ ചടങ്ങ് നടക്കുന്നത്. പരേഡ് ഗ്രൗണ്ടിൽ നിന്നും വെറും രണ്ട് കിലോമീറ്റർ അകലെയുള്ള വെളി ഗ്രൗണ്ടിലാണ് ഗാലാ ഡി ക്ലബ്ബ് തങ്ങളുടെ പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. പരേഡ് ഗ്രൗണ്ടിലും ചുറ്റുവട്ടത്തുമായി ആയിരത്തോളം പോലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്നും അതിനാൽതന്നെ സ്വകാര്യ ക്ലബ്ബ് നടത്തുന്ന പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങിന് മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കാൻ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു.നോട്ടീസ് ലഭിച്ച് 24 മണിക്കൂറിനകം നിർമാണത്തിലിരിക്കുന്ന പാപ്പാഞ്ഞിയെ മാറ്റണമെന്നും അതല്ലെങ്കിൽ പുതുവത്സര ദിനത്തിൽ മറ്റാരെങ്കിലും ആ പാപ്പാഞ്ഞിയെ കത്തിച്ചാൽ അത് സുരക്ഷാ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ നൽകിയ നോട്ടീസിൽ പറയുന്നു.
Adjust Story Font
16