'എന്റെ മോന് നീതി കിട്ടണം'; വൈറലായ പൊലീസ്-അഭിഭാഷക തർക്കത്തിന് പിന്നിൽ ബസ് അപകടം, അനാഥരായി ഈ കുടുംബം
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് ഇടിച്ച് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി രതീഷ് മരിക്കുന്നത്
പാലക്കാട്: സാമൂഹികമാധ്യമങ്ങളിൽ വൈറലായ പൊലീസ് അഭിഭാഷക തർക്കത്തിന്റെ മറുവശത്ത് ഒരു കുടുംബം അനാഥമായതിന്റെ കണ്ണീർക്കഥ. പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കഴിഞ്ഞ ദിവസം നടന്ന തർക്കത്തിന് പിന്നിൽ ഒരു ബസ് അപകടമാണ്. അപകടത്തിൽ പെരിങ്ങോട്ടുകുറുശ്ശി സ്വദേശി രതീഷ് മരണപ്പെട്ടു. അപകടകാരണമായ ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ള ബസ് വ്യാജ ഡ്രൈവറെ ഹാജരാക്കി ഉടമകൾ തിരികെ കൊണ്ടുപോയി. ഇതോടെ ഒരു പാവപ്പെട്ട കുടുംബത്തിന് ലഭിക്കേണ്ട നീതിയാണ് അകലുന്നത്.
കഴിഞ്ഞ ഡിസംബർ എട്ടിനാണ് ആന്ധ്ര രജിസ്ട്രേഷനിലുള്ള ബസ് ഇടിച്ച് പെരിങ്ങോട്ടുകുറിശ്ശി സ്വദേശി രതീഷ് മരിക്കുന്നത്. അപകടത്തിന് പിന്നാലെ നിർത്താതെ പോയ ബസ് അലത്തൂർ പൊലീസ് ശബരിമല നിലക്കലിൽ നിന്നാണ് പിടിച്ചെടുത്തത്. അപ്പോഴെക്കും ബസ് ഓടിച്ച ഡ്രൈവർ രക്ഷപ്പെട്ടു. ഇയാളെ ഹാജറാക്കാതെ ബസ് വിട്ട് നൽകില്ലെന്ന് പോലീസ് അറിയിച്ചു. ഉടൻ മറ്റൊരാളെ കോടതിയിൽ ഹാജറാക്കി ബസ് കൊണ്ടുപോകാൻ ഉടമകൾ അനുമതി നേടി. പക്ഷേ യഥാർഥ ഡ്രൈവറെയല്ല ഹാജരാക്കിയതെന്ന് സിസിടിവി ദൃശ്യങ്ങൾ മുൻനിർത്തി പൊലീസ് ഉറപ്പിച്ച് പറയുന്നു. പിന്നാലെ ആലത്തൂർ എസ്.ഐയും അഭിഭാഷകനും തർക്കമായി. ഈ കുടുംബം നേരിടുന്ന വേദന മാത്രം ആരും കണ്ടില്ല. 'എന്റെ മകൻ മരിച്ചു, ഞങ്ങൾക്ക് നീതി ലഭിക്കണം..ഞങ്ങൾക്ക് അതുമാത്രമാണ് വേണ്ടത്...'രതീഷിന്റെ അമ്മ കണ്ണീരോടെ പറയുന്നു. രതീഷിന്റെ മരണത്തോടെ ഒരു വയസുള്ള മകളും ഭാര്യയും അമ്മയുമടക്കം അനാഥരാണ്.
ഉടമകൾ ഹാജരാക്കിയ ഡ്രൈവർ വ്യാജനാണെങ്കിൽ കേസ് കോടതിയിൽ നിലനിൽക്കില്ല. ഇതോടെ ഈ കുടുംബത്തിന് ലഭിക്കേണ്ട നീതി നഷ്ടമാകും.പക്ഷേ, കോടതിക്ക് മേലുള്ള വിശ്വാസം ഇവർ ഇനിയും കൈവിട്ടിട്ടില്ല.
Adjust Story Font
16