ഗുജറാത്തിൽ നിന്ന് പണം എത്തിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു; എന്തു ചെയ്യണമെന്നറിയാതെ വ്യവസായി
മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ അവസ്ഥ നിരവധിപേർക്ക് ഉണ്ടായെന്ന് അറിഞ്ഞതെന്ന് തിരുവനന്തപുരം സ്വദേശിയായ സെന്റ് ബേബി പറയുന്നു
തിരുവനന്തപുരം: ഗുജറാത്തിൽ നിന്ന് പണം എത്തിയതിന് പിന്നാലെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചതിനെ തുടർന്ന് വലയുകയാണ് തിരുവനന്തപുരം സ്വദേശിയായ വ്യവസായി. കഴിഞ്ഞ മൂന്ന് മാസമായി സെന്റ് ബേബിയുടെ ബാങ്ക് അക്കൗണ്ട് ഫ്രീസാണ്. ബാങ്ക് ജീവനക്കാരോട് കാര്യമന്വേഷിച്ചപ്പോൾ കേന്ദ്രസർക്കാരിന്റെ അറിയിപ്പിനെ തുടർന്നാണ് നടപടിയെന്ന മറുപടിയാണ് ലഭിച്ചതെന്നും സെന്റ് ബേബി മീഡിയവണിനോട് പറഞ്ഞു.
തിരുവനന്തപുരം കുറവൻകോണത്ത് കെട്ടിട നിർമാണ സാധനങ്ങൾ മൊത്തക്കച്ചവടം നടത്തുന്നയാളാണ് സെന്റ് ബേബി. സെന്റ് ടെക് എന്ന സ്ഥാപനത്തിന്റെ പേരിൽ ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിലേറെയായി ഈ അക്കൗണ്ട് ഫ്രീസാണ്. ബാങ്കിന്റെ സാങ്കേതിക തകരാറോ അല്ലെങ്കിൽ അക്കൗണ്ടിന്റെ എന്തെങ്കിലും പ്രശ്‌നമോ ആയിരിക്കുമെന്നാണ് കരുതിയിരുന്നതെന്ന് സെന്റ് ബേബി പറഞ്ഞു. മീഡിയവൺ വാർത്ത ശ്രദ്ധയിൽപ്പെട്ടപ്പോഴാണ് തന്റെ അവസ്ഥ നിരവധിപേർക്കും ഉണ്ടായതായി അറിഞ്ഞതെന്ന് സെന്റ് ബേബി പറഞ്ഞു.
സെന്റ് ടെകിന്റെ അക്കൗണ്ടിന് പുറമേ സ്ഥാപനത്തിന്റെ മറ്റൊരു പങ്കാളിയായ സുബീഷിന്റെയും സേവിംഗ്‌സ് അക്കൗണ്ട് മരവിപ്പിച്ചുണ്ട്. ഗുജറാത്തിൽ നിന്ന് ജനുവരി ഇരുപത്തിയൊന്നിന് 10,400 രൂപ കമ്പനി അക്കൗണ്ടിൽ ക്രെഡിറ്റായി. നാല് ദിവസത്തിന് ശേഷമാണ് ഇക്കാര്യം അറിഞ്ഞെതന്ന് സ്ഥാപനമുടമ പറഞ്ഞു.
ഉടൻതന്നെ പണം വന്ന അക്കൗണ്ടിലേക്ക് തിരികെ പണമയച്ചു. എന്നിട്ടും ഫ്രീസായ അക്കൗണ്ട് പഴയപടിയായില്ല. ഇതേകുറിച്ച് തന്നോട് ബാങ്ക് ജീവനക്കാർ എന്തെങ്കിലും പറയുകയോ ഇ മെയിൽ അയക്കുകയോ പോലും ചെയ്തില്ല. ബാങ്കിൽ അന്വേഷിക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്.
സ്ഥാപനവുമായി ബന്ധപ്പെട്ട് നിരവധി പണമിടപാടുകൾ ഇപ്പോൾ മുടങ്ങി കിടക്കുകയാണ്. ലക്ഷങ്ങളുടെ ബാധ്യത ഇപ്പോൾ തന്നെ ഉണ്ടെന്നും സെന്റ് ബേബി പറഞ്ഞു. സർക്കാരോ ബാങ്കോ ഇടപെട്ട് പ്രശ്‌നത്തിന് പരിഹാരം കാണമെന്നാണ് ഇവരുടെ ആവശ്യം. സൈബർ സെല്ലിലും പൊലീസിലും പരാതിയും കൊടുത്തിട്ടുണ്ട്. ഫ്രീസായ രണ്ട് ബാങ്ക് അക്കൗണ്ടിൽ എഴുപത് ലക്ഷത്തോളം രൂപയുമുണ്ട്.
Adjust Story Font
16