ഹൈറിച്ച് തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് വ്യവസായി വിജേഷ് പിള്ള
സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഇ ഡി ക്ക് കൈമാറിയെന്നും വിജേഷ് പിള്ള മീഡിയവണിനോട് പറഞ്ഞു
കൊച്ചി: ഹൈറിച്ച് തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്ന് വ്യവസായി വിജേഷ് പിള്ള. ഹൈറിച്ച് ഉടമകൾക്ക് ഒ ടി ടി പ്ലാറ്റ്ഫോം വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യം ചെയ്യൽ. സാമ്പത്തിക ഇടപാടിന്റെ രേഖകൾ ഇ ഡി ക്ക് കൈമാറിയെന്നും വിജേഷ് പിള്ള മീഡിയവണിനോട് പറഞ്ഞു.തട്ടിയെടുത്ത പണത്തിന്റെ പങ്കാണോ തനിക്ക് നൽകിയതെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി നടത്തിയ 40 കോടിയുടെ ഒ.ടി.ടി ഇടപാടുകളിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്ത. സ്വർണ്ണക്കടത്ത് കേസ് ഒതുക്കി തീർക്കാൻ ഇടപെടൽ നടത്തിയെന്ന് സ്വപ്ന സുരേഷ് ആരോപണമുന്നയിച്ച വ്യക്തിയാണ് വിജേഷ് പിള്ള.
സ്വർണ്ണക്കടത്ത് കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്ത് ഇടപെടൽ നടത്തിയെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തോടെയാണ് കണ്ണൂർ സ്വദേശിയായ വിജേഷ് പിള്ളയുടെ പേര് ആദ്യമായി പൊതു മധ്യത്തിൽ ചർച്ചയായത്. ഇക്കാര്യത്തിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിന് പിന്നാലെയാണ് കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ തട്ടിപ്പെന്ന് ഇ.ഡി പറയുന്ന ഹൈറിച്ച് കേസിലും വിജേഷ് പിള്ളയെ ചോദ്യം ചെയ്യാനുള്ള തീരുമാനം.
ഒ.ടി.ടി പ്ലാറ്റ്ഫോം സംബന്ധിച്ച സാമ്പത്തിക ഇടപാടിൽ പ്രതികളായ കെ.ഡി പ്രതാപനും ഭാര്യ ശ്രീനയും 40 കോടി രൂപ വിജേഷ് പിള്ളയ്ക്ക് നൽകിയിരുന്നു. ഈ സാമ്പത്തിക ഇടപാടിൽ വ്യക്തത വരുത്തുന്നതിനാണ് ചോദ്യം ചെയ്യൽ. നിക്ഷേപകരിൽ നിന്നും തട്ടിയെടുത്ത പണം ആണോ ഇതെന്നാണ് ഇ.ഡി പരിശോധിക്കുന്നത്. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ ഹാജരാക്കാനും നിർദേശം നൽകിയിട്ടുണ്ട്.
Adjust Story Font
16