നെല്ല് സംഭരണത്തില്‍ വീഴ്ച പറ്റി: സംസ്കരണശേഷി ഉപയോഗിച്ചില്ലെന്ന് സി.എ.ജി റിപ്പോര്‍ട്ട്
2019 മാർച്ച് 31 വരെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോർട്ടാണ് സി.എ.ജി നിയമസഭയിൽ വച്ചത്.
നെല്ല് സംഭരിക്കുന്നതിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോര്‍ട്ട്. സംസ്ഥാനത്തെ നെല്ല് സംസ്കരണ ശേഷി കാര്യമായി ഉപയോഗിച്ചില്ല. 21.85 കോടി രൂപയ്ക്ക് സ്ഥാപിച്ച നെല്ല് സംസ്കരണ ശേഷിയാണ് ഉപയോഗിക്കാത്തതെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
പൊതുവിതരണ സംവിധാനത്തിലൂടെ കാര്യമായി അരി വിതരണം ചെയ്തില്ലെന്നും, ഇതുമൂലം നെല്ല് കർഷകർക്ക് ന്യായമായ വിലയും ഉപഭോക്താക്കൾക്ക് കുറഞ്ഞ നിരക്കിൽ അരിയും ലഭിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 2019 മാർച്ച് 31 വരെയുള്ള വിവിധ വകുപ്പുകളുടെ റിപ്പോർട്ടാണ് സി.എ.ജി നിയമസഭയിൽവെച്ചത്.
കെ.എസ്.ആർ.ടി.സി യുടെ കെടുകാര്യസ്ഥതയും സി.എ.ജി. അക്കമിട്ട് നിരത്തുന്നുണ്ട്. ഷോപ്പിംങ്ങ് കോംപ്ലക്സ് നിർമ്മാണത്തിൽ കെ.എസ്.ആര്‍.ടി.സി കാര്യക്ഷമത കാട്ടിയില്ല. ഇത് മൂലം കോംപ്ലക്സുകളുടെ നിർമ്മാണം പൂർത്തിയാക്കാൻ കാലതാമസമുണ്ടായി. പൂർത്തിയായ ഷോപ്പിംങ്ങ് കോംപ്ലക്സുകൾ കൃത്യമായി വാടകയ്ക്ക് നൽകിയില്ലന്ന കുറ്റപ്പെടുത്തലുമുണ്ട്.
അതേസമയം, പൊതുമേഖലാ സ്ഥാപനങ്ങൾ ലാഭത്തിലാണെന്ന് സി.എ.ജി വ്യക്തമാക്കി. 574.49 കോടി ലാഭവിഹിതം ഉണ്ടാക്കിയെന്നാണ് കണക്കുകള്‍. കെ.എസ്.എഫ്.ഇ, കെ.എം.എം.എൽ, ബിവറേജസ് കോർപ്പറേഷൻ എന്നിവയാണ് വലിയ നേട്ടം ഉണ്ടാക്കിയത്.
എന്നാല്‍, 58 പൊതുമേഖലാ സ്ഥാപനങ്ങൾ 1796.55 കോടിയുടെ നഷ്ടമുണ്ടാക്കി. 1431 കോടി നഷ്ടവുമായി കെ.എസ്.ആർ.ടി.സിയാണ് ഇതില്‍ മുന്നിൽ. പ്രവർത്തനരഹിതമായ 16 പൊതുമേഖലാ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ സി.എ.ജിയുടെ ശുപാർശയുണ്ട്. പരിശോധന റിപ്പോർട്ടുകളും ഓഡിറ്റ് നിരീക്ഷണ റിപ്പോർട്ടുകളും തീർപ്പാക്കുന്നതിൽ ധനവകുപ്പിന് വീഴ്ചയുണ്ടെന്നും സി.എ.ജി വ്യക്തമാക്കുന്നു.
Adjust Story Font
16