അങ്കണവാടികളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി വിതരണം ചെയ്തു: സി.എ.ജി റിപ്പോർട്ട്
'സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും അമൃതം പൊടി തിരിച്ചെടുത്തില്ല'
തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിൽ സുരക്ഷിതമല്ലെന്ന് കണ്ടെത്തിയ അമൃതം പൊടി വിതരണം ചെയ്തെന്ന് സി.എ.ജി റിപ്പോർട്ട്. സുരക്ഷിതമല്ലെന്ന് കണ്ടെത്തിയിട്ടും അമൃതം പൊടി തിരിച്ചെടുത്തില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകൾ നടപ്പാക്കുന്നില്ലെന്നും സി.എ.ജി റിപ്പോർട്ടിൽ വിമർശനമുണ്ട്.
3556 കിലോ അമൃതം പൊടിയും 444 കിലോ ബംഗാൾ പയറുമാണ് സുരക്ഷിതമല്ലെന്ന് കണ്ടെത്തിയത്. പിടിച്ചെടുക്കാനോ തിരിച്ചെടുക്കാനോ തയ്യാറായില്ല. 6 മാസം മുതൽ 3 വയസു വരെയുള്ള കുട്ടികൾ ഇവ ഉപയോഗിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. ഭക്ഷ്യ സുരക്ഷ വിഭാഗത്തിലെ വീഴ്ചകളും റിപ്പോർട്ട് അക്കമിട്ട് നിരത്തുന്നു.
സുരക്ഷിതമല്ലെന്നു കണ്ടെത്തിയ 159 ഭക്ഷ്യ ഉൽപന്നങ്ങളിൽ 35 എണ്ണം തിരിച്ചെടുത്തില്ല.106 കേസുകളിൽ തുടർ നടപടികൾ സ്വീകരിച്ചില്ല. എഫ്.എസ്.എസ്.എ വിജ്ഞാപനം ചെയ്ത ലാബോറട്ടറികളിൽ പോലും പൂർണ പരിശോധനാ സംവിധാനമില്ല. 1.88 കോടിയുടെ പിഴത്തുക ഈടാക്കാനുമുണ്ട്.
ശബരിമലയിലെ അരവണ പ്രസാദ ടിന്നിൽ കാലഹരണപ്പെടുന്ന തിയ്യതി രേഖപ്പെടുത്തിയില്ല. സംസ്ഥാന ധനകാര്യ കമ്മീഷൻ ശിപാർശകളിൽ സർക്കാർ അംഗീകരിച്ച 325 ശുപാർശകളിൽ 200 എണ്ണം നടപ്പാക്കിയില്ലെന്നും സി.എ.ജി കണ്ടെത്തി.
Adjust Story Font
16