Quantcast

വരകളുടെ തമ്പുരാന്‍; കാര്‍ട്ടൂണുകളെ ജനകീയമാക്കിയ കലാകാരന്‍

മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ വലിച്ചടുപ്പിക്കുന്നവയായിരുന്നു യേശുദാസന്‍റെ കാര്‍ട്ടൂണുകള്‍

MediaOne Logo

Web Desk

  • Published:

    6 Oct 2021 2:33 AM GMT

വരകളുടെ തമ്പുരാന്‍; കാര്‍ട്ടൂണുകളെ ജനകീയമാക്കിയ കലാകാരന്‍
X

ചിരിയും ചിന്തയും നിറച്ച വരകളിലൂടെ ആറു പതിറ്റാണ്ടിലേറെയായി കാര്‍ട്ടൂണ്‍രംഗത്ത് നിറഞ്ഞു നിന്നയാളായിരുന്നു കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍. പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകളുടെ കുലപതിയായ യേശുദാസന്‍ കേരളത്തില്‍ കാര്‍ട്ടൂണ്‍ എന്ന കലയെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിട്ടുണ്ട്. മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ വലിച്ചടുപ്പിക്കുന്നവയായിരുന്നു യേശുദാസന്‍റെ കാര്‍ട്ടൂണുകള്‍.

ചന്തുവും കിട്ടുമ്മാവനും ജൂബാ ചേട്ടനും മിസ്സിസ് നായരും പൊന്നമ്മ സുപ്രണ്ടുമെല്ലാം സാധാരണക്കാരുടെ പോലും ശ്രദ്ധ കവര്‍ന്ന യേശുദാസന്‍റെ കാര്‍ട്ടൂണുകളാണ്. ലോകം യുദ്ധക്കൊതിയനെന്നു വിളിച്ചിരുന്ന അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ജോൺ ഡഗ്ലസ് ഒരു ആറ്റം ബോംബുമായി നൃത്തം ചവിട്ടുന്നതാണ് യേശുദാസൻ വരച്ച ആദ്യത്തെ കാർട്ടൂൺ. 1955-ൽ കോട്ടയത്തുനിന്നും പന്തളം കെ.പിയുടെ പത്രാധിപത്യത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന 'അശോക' എന്ന വിനോദമാസികയിലാണ് ഈ കാർട്ടൂൺ പ്രത്യക്ഷപ്പെട്ടത്.

വൈക്കം ചന്ദ്രശേഖരൻ നായർ പേരു നൽകിയ ജനയുഗം ആഴ്ചപ്പതിപ്പിലെ 'ചന്തു' എന്ന കാർട്ടൂൺ പരമ്പരയാണ് യേശുദാസന്‍റെ ആദ്യത്തെ കാർട്ടൂൺ പംക്തി. വിമോചനസമരക്കാലത്ത് ജനയുഗം പത്രാധിപസമിതിയുടെ ആവശ്യപ്രകാരം 'കിട്ടുമ്മാവൻ' എന്ന 'പോക്കറ്റ്' കാർട്ടൂൺ 1959 ജൂലൈ 19 മുതൽ വരച്ച് തുടങ്ങി. 'സൂര്യനു കീഴിലെ എന്തിനെക്കുറിച്ചും' അഭിപ്രായം പറയുന്ന 'കിട്ടുമ്മാവൻ' വായനക്കാർക്കിടയിൽ പെട്ടെന്ന് ജനപ്രീതിയാർജ്ജിച്ചു. ഈ കഥാപാത്രത്തോടൊപ്പം പൈലി, കാർത്ത്യായനി, പാച്ചരൻ ഭാഗവതർ, ചെവിയൻ പപ്പു, കാഥികൻ കിണറ്റുകുഴി, അയൽക്കാരൻ വേലുപിള്ള, ചായക്കടക്കാരൻ മമ്മൂഞ്ഞ്, മാത്തനേഡ് തുടങ്ങി പല കാർട്ടൂൺ കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങി. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടി സമ്മേളനങ്ങളിൽ കിട്ടുമ്മാവനായും പൈലിയായും വേഷം ധരിച്ചെത്തുക ആരാധകരുടെ പതിവായി മാറുകയും ചെയ്തു. ഏതു മുഖങ്ങളുടെയും രൂപവൈവിധ്യം വർച്ചു ഫലിപ്പിക്കാനുള്ള സാമർത്ഥ്യം യേശുദാസനുണ്ടായിരുന്നു. വരകളിലെ ലാളിത്യം തന്നെയായിരുന്നു കാര്‍ട്ടൂണ്‍ രംഗത്തെ അദ്ദേഹത്തെ വേറിട്ടുനിര്‍ത്തിയത്.

TAGS :

Next Story