വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്ത സംഭവം; സി.പി.എം പ്രാദേശിക നേതാക്കളടക്കം 12 പേർക്കെതിരെ കേസ്
ചിറ്റാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്
പത്തനംതിട്ട: പത്തനംതിട്ടയിൽ വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തതിൽ പൊലീസ് കേസെടുത്തു. സിപിഎം പ്രാദേശിക നേതാക്കളടക്കം 12 പേർക്കെതിരെയാണ് ചിറ്റാർ പൊലീസ് കേസെടുത്തത്. റോഡരികിൽ മുറിച്ചിട്ട നിലയിൽ കണ്ടെത്തിയ തടികൾ പരിശോധിക്കാനെത്തിയ വനം വകുപ്പ് ജീവനക്കാരെ കയ്യേറ്റം ചെയ്തെന്നാണ് കേസ്.
കൊച്ചു കോയിക്കൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുരേഷ് കുമാറിന്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗം ജേക്കബ് വളയം പള്ളി ഉൾപ്പെടെ 12 സിപിഎം പ്രാദേശിക പ്രവർത്തകരെ പ്രതി ചേർത്താണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു കേസിന് ആസ്പദമായ സംഭവം ഉണ്ടായത്.
ഇതുകൂടാതെ പത്തനംതിട്ടയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി സി.പി.എം പ്രാദേശിക നേതൃത്വം നേരത്തെയും സംഘർഷത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കഴിഞ്ഞദിവസം വനപാലകരുടെ കൈവെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ തണ്ണിത്തോട് ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ് വനപാലകരുമായി കയ്യേറ്റത്തിലേർപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളായിരുന്നു പുറത്തുവന്നത്. ഇതിൽ പ്രതിഷേധിച്ച് അടച്ചിട്ടിരുന്ന അടവി ഇക്കോ ടൂറിസം ഉൾപ്പെടെയുള്ള വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇന്നലെ തുറന്നിരുന്നു. പ്രശ്നപരിഹാരം കാണാം എന്ന വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ ഉറപ്പിലായിരുന്നു പ്രതിഷേധം അവസാനിപ്പിച്ചത്. ഇതിനു പിന്നാലെയാണ് പൊലീസ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
Adjust Story Font
16