'കളമശ്ശേരി സ്‌ഫോടനത്തിൽ വിദ്വേഷ പ്രചാരണം'; റിപ്പോർട്ടർ ചാനലിനും സുജയ പാർവതിക്കുമെതിരെ കേസ്
കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് തൃക്കാക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്
കൊച്ചി: കളമശ്ശേരി ബോംബ് സ്‌ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തി എന്ന പരാതിയിൽ റിപ്പോർട്ടർ ചാനലിനും മാധ്യമപ്രവർത്തക സുജയ പാർവതിക്കും എതിരെ കേസ്. തൃക്കാക്കര പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. 153,153A, പ്രകാരമാണ് കേസ്
കളമശ്ശേരി സ്വദേശി യാസീൻ അറഫത്തിന്റെ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. മതസൗഹാർദ അന്തരീക്ഷം തകർക്കുന്നതിന് വേണ്ടി റിപ്പോർട്ടർ ചാനലും സുജയയും വിദ്വേഷ പ്രചാരണം നടത്തി എന്നാണ് പരാതി.
കളമശ്ശേരി സ്‌ഫോടനത്തിന് പിന്നാലെ ചാനലിലൂടെ സംഭവത്തെ ഫലസ്തീൻ വിഷയവുമായി ബന്ധപ്പെടുത്തി മുസ്‌ലിം സമുദായത്തെയാകെ അടച്ചാക്ഷേപിക്കുന്ന പ്രചരണമുണ്ടായി എന്ന് പരാതിയിൽ ആരോപിക്കുന്നു. ഊഹാപോഹങ്ങൾ വച്ചു കൊണ്ട് ചേരി തിരിഞ്ഞുള്ള പ്രചരണങ്ങൾ ചാനലിന്റെ ഭാഗത്ത് നിന്നുണ്ടായി എന്നാണ് പരാതിക്കാരന്റെ വാദം. ഇമെയിൽ വഴിയാണ് ഇയാൾ പരാതി നൽകിയിരിക്കുന്നത്.
ഒക്ടോബർ 29നാണ് രാജ്യത്തെ ഞെട്ടിച്ച് കളമശ്ശേരിയിൽ സ്‌ഫോടനമുണ്ടാകുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പരാമർശത്തിലും വാർത്തയിലുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, മാധ്യമപ്രവർത്തകനായ അനിൽ നമ്പ്യാർ, മറുനാടൻ മലയാളി എഡിറ്റർ എന്നിവർക്കെതിരെയും കേസെടുത്തിരുന്നു. കൊച്ചി സിറ്റി പോലീസാണ് രാജീവിനെതിരെ കേസെടുത്തത്. ഐ.പി.സി 153 (സമൂഹത്തിൽ വിദ്വേഷം വളർത്തുന്നതിനുള്ള ഇടപെടൽ), 153 എ (രണ്ട് വിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതിനുള്ള വിദ്വേഷ പ്രചരണം) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. ഇതിൽ 153 എ ജാമ്യം കിട്ടാത്ത വകുപ്പാണ്. രാജീവ് ചന്ദ്രശേഖറിനെതിരെ നിരവധി പരാതികൾ നിരവധി സ്റ്റേഷനുകളിൽ ലഭിച്ചിട്ടുണ്ട്.
Adjust Story Font
16