മുസ്‌ലിംകൾക്കെതിരായ വിദ്വേഷ പരാമർശം; സിപിഎം നേതാവ് എം.ജെ ഫ്രാൻസിസിനെതിരെ കേസ്
ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംകൾക്കാണെന്നും എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി പ്രാർഥിച്ചാല്‍ മതിയെന്നുമുള്ള ഫേസ്ബുക്ക് കമന്റിലാണ് കേസ്.

കൊച്ചി: മുസ‍്ലിംകള്‍ക്കെതിരായ വിദ്വേഷ പരാമർശത്തിൽ സിപിഎം മൂവാറ്റുപുഴ ഏരിയാ കമ്മിറ്റി അംഗം എം.ജെ ഫ്രാന്‍സിസിനെതിരെ കേസ്.
മൂവാറ്റുപുഴ പൊലീസാണ് കേസ് എടുത്തത്. ഏറ്റവും കൂടുതല്‍ ക്രിമിനല്‍ സ്വഭാവമുള്ളത് മുസ്‌ലിംകൾക്കാണെന്നും എന്ത് തെറ്റ് ചെയ്താലും പള്ളിയില്‍ പോയി പ്രാർഥിച്ചാല്‍ മതിയെന്നുമുള്ള ഫേസ്ബുക്ക് കമന്റിലാണ് കേസ്. എസ് ഡി പി ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി ഇബ്റാഹിം ചിറക്കലാണ് പരാതി നൽകിയത്.
കെ. ടി ജലീലിന്റെ വിവാദ പ്രസംഗത്തിന്റെ വീഡിയോക്ക് കീഴിലായിരുന്നു എം. ജെ ഫ്രാന്‍സിസ് കമന്റിട്ടിരുന്നത്. നോമ്പെടുത്താൽ ഒരു വർഷം പ്ലാൻ ചെയ്ത കുറ്റങ്ങൾക്ക് പരിഹാരമായെന്നാണ് ചിലർ കരുതുന്നതെന്ന് കമന്റിൽ ആരോപിച്ചിരുന്നു.
'ഈ സമൂഹത്തിൽ ഏറ്റവും കൂടുതൽ ക്രിമിനൽ സ്വഭാവം ഉള്ളത് മുസ്‍ലിംകൾക്കാണ്. അവരെ പഠിപ്പിക്കുന്നത് എന്ത് തെറ്റ് ചെയ്താലും പള്ളിയിൽപോയി അഞ്ചുനേരം പ്രാർഥിച്ചാൽ മതി. അതുപോലെ എല്ലാവർഷവും നോമ്പ് നോറ്റ് പകൽ മുഴുവൻ ഉമിനീര് രാത്രി നല്ല ഭക്ഷണം കഴിച്ച് ഉറങ്ങിയാൽ ഒരു വർഷക്കാലം പ്ലാൻ ചെയ്ത കുറ്റങ്ങള്‍ക്ക് പോരായ്മകളും പരിഹാരങ്ങളും ഉണ്ടാകും എന്നാണ് മതപുരോഹിതന്മാർ പഠിപ്പിക്കുന്നത്' എന്നും കമന്റിൽ പറഞ്ഞിരുന്നു. വിവാദമായതോടെ കമന്റ് ഡിലീറ്റ് ചെയ്തു.
പിന്നാലെ ഖേദം പ്രകടിപ്പിച്ചും അദ്ദേഹം രംഗത്ത് എത്തിയിരുന്നു. കമന്റ് വേണ്ടത്ര ശ്രദ്ധയില്ലാതെ വന്നതാണെന്നും പാർട്ടി നിലപാടിന് വിപരീതമായ കമന്റ് വന്നതിൽ ക്ഷമ ചോദിക്കുന്നുവെന്നും എം.ജെ ഫ്രാൻസിസ് ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
Watch Video Report
Adjust Story Font
16