‘നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നും’; ആലപ്പുഴയിൽ വിദ്യാർഥിയോട് അധ്യാപകരുടെ ജാത്യധിക്ഷേപം
ചോദ്യം ചെയ്ത വിദ്യാർഥിയെ പുറത്താക്കി
ആലപ്പുഴ: വിദ്യാർഥിക്ക് നേരെ അധ്യാപകർ ജാതി അധിക്ഷേപം നടത്തിയതായി പരാതി. ആലപ്പുഴ ഗവ. മുഹമ്മദൻസ് ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം.
സ്കൂളിലെ പൊതുടാപ്പിൽനിന്ന് വെള്ളം കുടിച്ചതിനാണ് പട്ടികജാതി വിദ്യാർഥിയെ അധിക്ഷേപിച്ചത്. നിന്നെയൊക്കെ കണ്ടാൽ അറപ്പ് തോന്നുമെന്നായിരുന്നു അധ്യാപികയുടെ പ്രതികരണം. ഇതുകണ്ട വിദ്യാർഥിയുടെ ഇരട്ട സഹോദരൻ വിഷയത്തിൽ പ്രതികരിച്ചു.
ഇതിനെ തുടർന്ന് വിദ്യാർഥിയെ സ്കൂളിൽനിന്ന് പുറത്താക്കിയെന്നും ആക്ഷേപമുണ്ട്. വിദ്യാർഥിയുടെ പഠനം മുടങ്ങിയിട്ട് മൂന്നുമാസം പിന്നിട്ടിരിക്കുകയാണ്. പിടിഎ ഉറപ്പുനൽകിയിട്ടും തിരിച്ചെടുത്തില്ലെന്ന് കുട്ടിയുടെ മാതാവ് പറയുന്നു. ഒരേ ഛായയുള്ളവർ സ്കൂളിൽ പഠിക്കേണ്ടെന്ന വിചിത്രവാദമാണ് പ്രിൻസിപ്പൽ പറയുന്നതെന്നും മാതാവ് ചൂണ്ടിക്കാട്ടി.
ആദ്യദിവസം മുതൽ അധിക്ഷേപം നേരിടുകയാണെന്ന് വിദ്യാർഥി പറഞ്ഞു. നീ ക്വട്ടേഷനാണ് വന്നതാണോ എന്നാണ് ആദ്യദിവസം തന്നെ അധ്യാപിക ചോദിക്കുന്നത്. വേറെ അധ്യാപിക മറ്റു വിദ്യാർഥികളിൽനിന്ന് മാറ്റിനിർത്തി. പിന്നീടാണ് പൊതുടാപ്പിൽനിന്ന് വെള്ളം കുടിക്കാൻ പോകുന്നത്. ഇത് കണ്ട അധ്യാപിക ദേഷ്യപ്പെട്ടു. നീ വായയിൽ വെച്ച വെള്ളം ആരെങ്കിലും കുടിക്കുമോ, നിന്നെ കണ്ടാൽ തന്നെ അറപ്പ് തോന്നുമെന്നും ഇവർ പറഞ്ഞു. ഇത് കേട്ട് താൻ അധ്യാപികയോട് ദേഷ്യപ്പെട്ടെന്നും വിദ്യാർഥി പറഞ്ഞു.
Adjust Story Font
16