ജാതി അധിക്ഷേപം; തോമസ് കെ തോമസിന്റെ പരാതിയിൽ എൻസിപി മഹിളാ നേതാവിനെതിരെയും കേസ്
പരാതി നൽകിയ ആർ.ജി ജിഷക്കെതിരെയാണ് കേസെടുത്തത്
ആലപ്പുഴ: തോമസ് കെ തോമസ് എംഎൽഎ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ പരാതി നൽകിയ എൻസിപി മഹിളാ നേതാവിനെതിരെയും കേസെടുത്തു. പരാതി നൽകിയ ആർ.ജി ജിഷക്കെതിരെയാണ് കേസെടുത്തത്. പരസ്യമായി ആക്ഷേപിച്ചെന്ന എംഎൽഎയുടെ ഭാര്യയുടെ പരാതിയിലാണ് കേസ്.
കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് ജാതീയമായി അധിക്ഷേപിച്ചെന്നായിരുന്നു ജിഷ നൽകിയ പരാതി. പാർട്ടി അംഗമല്ലാത്ത എംഎൽഎയുടെ ഭാര്യ ഷേർളി തോമസ് വേദിയിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു സംഭവം. യോഗം തുടങ്ങുന്നതിന് മുൻപ് എംഎൽഎ തന്നെ അസഭ്യം പറഞ്ഞുവെന്ന് ജിഷ പൊലീസിന് മൊഴി നൽകി. ചുമലിൽ പിടിച്ച് തള്ളിയെന്നും മൊഴിയിലുണ്ട്. പാർട്ടി അംഗമല്ലാത്തവർ വേദിവിടണമെന്ന് ആവശ്യപ്പെട്ടപ്പോൾ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചെന്നാണ് ജിഷയുടെ പരാതി.
സംഭവത്തിൽ എംഎൽഎയ്ക്കും ഭാര്യക്കുമെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം ഹരിപ്പാട് പോലീസ് കേസെടുത്തിരുന്നു. ഡിസംബർ ഒൻപതിന് ഹരിപ്പാട് മണ്ഡലത്തിലെ എൻസിപി ഫണ്ട് ശേഖരണ യോഗത്തിലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.
Adjust Story Font
16