Quantcast

രാജ്ഭവനിലെ ജാതിപീഡന പരാതി; നടപടിയെടുത്ത് എസ്‌സി-എസ്ടി കമ്മിഷനും

പുലയന്മാർക്കും കാട്ടുജാതിക്കാർക്കും ജോലി ചെയ്യാനുള്ള ഇടമല്ല രാജ്ഭവനെന്നും നിനക്കൊക്കെ ഗേറ്റിന് പുറത്താണ് ജോലിയെന്നും മേലുദ്യോഗസ്ഥർ അധിക്ഷേപിച്ചതായി എഫ്.ഐ.ആർ

MediaOne Logo

Web Desk

  • Published:

    7 Dec 2023 1:16 AM GMT

Caste based harassment at Raj Bhavan; SC-ST Commission took action
X

തിരുവനന്തപുരം: രാജ്ഭവനിലെ ജാതിപീഡന പരാതിയിൽ നടപടിയെടുത്ത് എസ്‌സി-എസ്ടി കമ്മിഷനും. പൊലീസിനോട് കമ്മിഷൻ ചെയർമാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. 30 ദിവസത്തിനുള്ളിൽ റിപ്പോർട്ട് വേണമെന്നാണ് ആവശ്യം. മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി.

രാജ്ഭവനിലെ ഗാർഡൻ ജീവനക്കാരനായിരുന്ന തിരുവനന്തപുരം വിതുര സ്വദേശിയായ ആദിവാസി യുവാവ് വിജേഷ് കാണി മരിച്ചത് ജാതിപീഡനത്തെത്തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. മകന്റെ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായാണ് വിജേഷിന്റെ മാതാപിതാക്കൾ സംസ്ഥാന പട്ടികവർഗ കമ്മീഷനെ സമീപിച്ചത്. ഗാർഡൻ സൂപ്പർവൈസർ ബൈജു, ഹെഡ് ഗാർഡൻ അശോകൻ എന്നിവർ മകനെ ക്രൂരമായി മർദിച്ചെന്നും രോഗാവസ്ഥയിലായിരുന്നപ്പോൾ കഠിന ജോലികൾ ചെയ്യിപ്പിച്ചെന്നും മാതാപിതാക്കൾ പരാതിയിൽ ആരോപിച്ചു. ഇതേത്തുടർന്നാണ് കമ്മീഷൻ ചെയർമാൻ ബി.എസ് മാവോജി സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജുവിന് നിർദേശം നൽകിയത്.

ഇതിന്റെ അടിസ്ഥാനത്തിൽ കമ്മീഷണർ ഇക്കാര്യം അന്വേഷിക്കാൻ മ്യൂസിയം പൊലീസിനെ ചുമതലപ്പെടുത്തി. ഒരുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് പൊലീസ് ആലോചിക്കുന്നത്. ഇത് കൂടാതെ രാജ്ഭവനിലെ ജീവനക്കാരനായിരുന്ന മുരളീധരനും ജാതിപീഡന പരാതിയുമായി പൊലീസിനെ സമീപിച്ചിരുന്നു. ഇതിലും അന്വേഷണം നടന്നുവരികയാണ്. മീഡിയ വൺ വാർത്തയെത്തുടർന്ന് മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

പുലയന്മാർക്കും കാട്ടുജാതിക്കാർക്കും ജോലി ചെയ്യാനുള്ള ഇടമല്ല രാജ്ഭവനെന്നും നിനക്കൊക്കെ ഗേറ്റിന് പുറത്താണ് ജോലിയെന്നും പറഞ്ഞ മേലുദ്യോഗസ്ഥർ കേട്ടാലറയ്ക്കുന്ന ഭാഷയിൽ മുരളീധരനെ ജാതിയധിക്ഷേപം നടത്തിയതായും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഐ.പി.സി 294 ബി, 323, 34 വകുപ്പുകളും പട്ടികജാതി പട്ടികവർഗ അതിക്രമം തടയൽ നിയമപ്രകാരമുള്ള വകുപ്പുകളുമാണ് പ്രതികൾക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

TAGS :

Next Story