ശങ്കരാചാര്യർ മനുഷ്യ മതിൽകെട്ടിനകത്ത്; ശങ്കരമഠങ്ങളിൽ ജാതീയ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നു-സ്വാമി ചിദാനന്ദപുരി
'പുറത്തുനിന്ന് കയറാൻ പറ്റാത്ത രീതിയിലുള്ള ഒരു മനുഷ്യ മതിൽകെട്ട് ശങ്കരാചാര്യർക്കു ചുറ്റുമുണ്ടാകും.'
ബംഗളൂരു: ശങ്കരമഠങ്ങളിൽ ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കോഴിക്കോട് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. പുറത്തുനിന്ന് കയറാൻ പറ്റാത്ത രീതിയിലുള്ള ഒരു മനുഷ്യ മതിൽകെട്ട് ശങ്കരാചാര്യർക്കു ചുറ്റുമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നടന്ന പരിപാടിയിൽ ഒരു ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ചിദാനന്ദപുരി. പ്രസിദ്ധമായ ശങ്കരമഠങ്ങൾ ജാതീയ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ കാര്യമായ പ്രചരണം നടത്താത്തത് എന്തുകൊണ്ടാണെന്നായിരുന്നു ചോദ്യം. ജാതീയ ഉച്ചനീചത്വങ്ങൾക്കെതിരെ കാര്യമായ പ്രവർത്തനങ്ങൾ ചെയ്യുന്നില്ല എന്നതിനോട് യോജിപ്പുണ്ടെന്ന് അദ്ദേഹം പ്രതികരിച്ചു. പ്രസംഗത്തിന്‍റെ വിഡിയോ ചിദാനന്ദപുരി സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
'പരമ്പരാഗതമായ പല ശങ്കരമഠങ്ങളിലും ജാതീയമായ വല്ലാത്തൊരു ഉച്ചനീചത്വത്തിന്റെ ഭാവമൊക്കെ ഇന്നും കാണാം. ഇല്ലാമെന്നു പറയാൻ പറ്റില്ല. നമുക്കൊന്നും അങ്ങോട്ട് കയറാൻ പറ്റാത്ത രീതിയിലുള്ള ഒരു മനുഷ്യ മതിൽകെട്ട് അവിടെയുണ്ടാകും. അതിനുള്ളിലാകും മിക്കവാറും ശങ്കരാചാര്യർ.'-ചിദാനന്ദപുരി വെളിപ്പെടുത്തി.
ശങ്കരാചാര്യരെ പരിചയപ്പെട്ടാൽ അദ്ദേഹത്തിന് ഒട്ടും അങ്ങനെ ഉണ്ടാകുകയുമില്ല. എല്ലാവരോടും സ്‌നേഹമസൃണമായ പെരുമാറ്റമായിരിക്കും അദ്ദേഹത്തിന് ഉണ്ടാകുക. പക്ഷെ, ഈ മനുഷ്യ മതിൽ ഭേദിക്കാൻ പണിയാണ്. അത് ഒരു പ്രായോഗിക വിഷയം തന്നെയാണ്. മാറ്റങ്ങളുണ്ടാകും. ഇല്ലാതെ നടക്കില്ല. എല്ലാ മഠങ്ങളുമായി അവരുടെ പരസ്പര സഹകരണം വർധിച്ചുവരുന്നുണ്ട്. അങ്ങനെയങ്ങനെ മാറ്റങ്ങൾ സ്വാഭാവികമായി സംഭവിക്കുമെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.
Summary: 'Caste-based discrimination exists in Shankaracharya Maths', Says Swami Chidananda Puri, Mahant at Advaithashramam, Kolathur, Kozhikode
Adjust Story Font
16